നിഷേധത്തിന്റെ കൂട്ടുകാരി

single-img
31 May 2012

എഴുത്തിന്റെ മറുകര തേടിയവള്‍….സ്വയം എഴുത്തായി ജീവിച്ചവള്‍…..ഭയമെന്ന നിശാവസ്ത്രമണിയാതെയെഴുതിയ മാധവിക്കുട്ടിയെ സദാചാരത്തിന്റെ ചങ്കിടിപ്പോടെയാണു നാം വായിച്ചറിഞ്ഞത്….. നാലപ്പാട്ട് തറവാടിന്റെ അകത്തളങ്ങളില്‍നിന്നും ആമി…..നീര്‍മാതളം പൂത്ത കാലങ്ങളിലൂടെ കമലയായി….. മലയാളികളുടെ മാധവിക്കുട്ടിയായി…..കമലാദാസായി…..സാഹിത്യത്തിലെ ഉന്മാദിനിയായി….കമലസുരയ്യയായി …..ഒരു ജന്മത്തില്‍ അനേകജന്മങ്ങള്‍ തീര്‍ത്തു. സ്‌നേഹമെന്ന ഒരേയൊരു മതത്തെ മാത്രം അംഗീകരിച്ചവള്‍.പ്രണയത്തിന്റെ നൊംബരച്ചിന്തുകളായിരുന്നാ എഴുത്ത്. കഥ കവിതയായും കവിത കഥയായും വിരിഞ്ഞു. നിഷേധത്തിന്റെ അഗ്‌നി പടര്‍ത്തിയ മാധവിക്കുട്ടി എംടിക്കും പദ്മനാഭനുമൊപ്പം കഥയുടെ മുന്‍ വരിയില്‍ കസേര വലിച്ചിട്ടിരുന്നു .തുറന്നെഴുത്തിന്റെ ആളിക്കത്തലില്‍ സദാചാരക്കണ്ണുകളെ മഞ്ഞളിപ്പിച്ച ‘എന്റെ കഥ’15ഓളം വിദേശ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു.അംഗീകൃത സര്‍വ്വകലാശാലാ ബിരുദങ്ങളില്ലാത്ത മാധവിക്കുട്ടിയെ വിശ്വ സര്‍വ്വകലാശാലകളില്‍ പലതും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു.പ്രശസ്ത കവയത്രി ബാലാമണിയമ്മയുടെ മകളായി 1934 മാര്‍ച്ച് 31നു പാലക്കാട് ജില്ലയില്‍ പുന്നയൂര്‍ക്കുളത്ത് ജനിച്ച മാധവിക്കുട്ടി 2009 മേയ് 31നു കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു ഈ മൂന്നാം ചരമദിനത്തില്‍ സ്മരണാഞ്ജ്‌ലികളര്‍പ്പിക്കാം….