നെയ്യാറ്റിന്‍കരയില്‍ ബുദ്ധിപൂര്‍വം വോട്ടുചെയ്യാന്‍ എസ്എന്‍ഡിപി ആഹ്വാനം

single-img
28 May 2012

നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പില്‍ യഥാര്‍ഥ ജനസേവകരെ തിരിച്ചറിഞ്ഞു ബുദ്ധിപൂര്‍വം വോട്ടുചെയ്യാന്‍ എസ്എന്‍ഡിപി ആഹ്വാനം. ഇന്നലെ ചേര്‍ത്തല എസ്എന്‍ കോളജില്‍ നടന്ന യോഗം കൗണ്‍സിലിനു ശേഷം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് എഴുതിത്തയാറാക്കിയ ആഹ്വാനം വായിച്ചത്.

നെയ്യാറ്റിന്‍കരയില്‍ എസ്എന്‍ഡിപി മൂന്നാംസ്ഥാനത്താണ്. മൂന്നു സ്ഥാനാര്‍ഥികളും മോശമല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. നെയ്യാറ്റിന്‍കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ശെല്‍വരാജ് തന്റെ സുഹൃത്താണ്. എങ്കിലും ഇദ്ദേഹം ചെയ്തതിനോടു യോജിപ്പില്ല. സിപിഎം ഇദ്ദേഹത്തോടു ചെയ്തതിനോടും യോജിക്കുന്നില്ല. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥാനാര്‍ഥികള്‍ കാലുവാരി വന്നവര്‍ തന്നെയാണ്. രാജഗോപാലിന് 25,000 ലധികം വോട്ടുകിട്ടും.

സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി മണി ശുദ്ധനും യഥാര്‍ഥ കമ്യൂണിസ്റ്റുകാരനുമാണ്. ഒരുഗതിയും പരഗതിയുമില്ലാത്തവനാണ്. ഇവിടെ പാവങ്ങളുടെ നിലനില്പിനുവേണ്ടി ധീരമായി പൊരുതിയയാളാണ്.

ഈ പോരാട്ടത്തില്‍ പലരും മരിച്ചിട്ടുണ്ടാകും. മണി അബദ്ധത്തില്‍പ്പറഞ്ഞത് നെയ്യാറ്റിന്‍കര ഇല ക്ഷന്റെ പശ്ചാത്തലത്തിലാണ് വിവാദമായത്. ടി.പി. ചന്ദ്രശേഖരന്‍ വധം പിണറായിയോ മറ്റോ അറിഞ്ഞുകൊണ്ടു നടന്നതാണെന്നു വിശ്വസിക്കുന്നില്ല. എന്നാല്‍, ഇതിന് സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വമാണ് ഉത്തരവാദി. സിപിഎമ്മാണ് ചെയ്തത് എന്നതില്‍ തര്‍ക്കമില്ല. ഇടതുപക്ഷത്തിനു ദോഷകരമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇതു തടുക്കാനും പ്രതിരോധിക്കാനും ഇവര്‍ക്കാകുന്നില്ല. പാര്‍ട്ടിക്കുള്ളില്‍ത്തന്നെ അപസ്വരം വരുന്നു.

പിണറായി പാര്‍ട്ടിയുടെ വക്താവല്ലെന്ന് വിഎസ് പറഞ്ഞത് പറയാന്‍ കൊള്ളാത്തതാണ്. നെയ്യാറ്റിന്‍കരയില്‍ ആരു ജയിക്കുമെന്നു പറയാനാകില്ല. കടുത്ത മത്സരമാണു നടക്കുന്നത്. ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനം യുഡിഎഫിനു പ്ലസ്‌പോയിന്റാണ്. നെഗറ്റീവ് വോട്ടിന് സാധ്യതയില്ലാത്ത ഭരണമാണ് യുഡിഎഫിന്റേത്.

ഗവണ്‍മെന്റിന്റെ ന്യൂനപക്ഷ പ്രീണനം കൊണ്ട് വോട്ടുമറിഞ്ഞാല്‍ അത് രാജഗോപാലിനു ഗുണകരമാകും. ശെല്‍വരാജിനു വേണ്ടി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി നാലു സ്‌ക്വാഡുകളെ ഇറക്കിയിരുന്നു. രാജിവച്ചതിനുശേഷവും ശെല്‍വരാജ് തന്നെ വിളിച്ചിരുന്നു. പാറശാല സീറ്റ് ശെല്‍വരാജില്‍നിന്നും മാറ്റി ആനാവൂര്‍ നാഗപ്പനു നല്കിയത് സിപിഎം കാട്ടിയ അനീതിയാണ്. ഇക്കാര്യം ശെല്‍വരാജ് തന്നോടു കരഞ്ഞുകൊണ്ടാണു പറഞ്ഞത്.
റിസള്‍ട്ട് വന്ന സമയത്തും ശെല്‍വരാജ് തന്നെ വിളിച്ചിരുന്നു. ശെല്‍വരാജ് പാര്‍ട്ടി മാറിയതുമൂലം ചില വോട്ടുകള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. നെയ്യാറ്റിന്‍കരയിലെ യോഗം പ്രവര്‍ത്തകര്‍ക്ക് ശെല്‍വരാജുമായി നല്ല ബന്ധമാണുള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു.