മണി പറഞ്ഞത് തെറ്റ്; പാര്‍ട്ടി നിലപാടില്‍ നിന്ന് വ്യതിചലിച്ചു: പിണറായി

single-img
27 May 2012

ഇടുക്കി ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം തൊടുപുഴയില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണി നടത്തിയ വിവാദ പ്രസ്താവന തെറ്റായിപ്പോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മണിയുടെ പ്രസ്താവന പാര്‍ട്ടി നിലപാടില്‍ നിന്നുള്ള വ്യതിയാനമാണെന്നും പിണറായി വിജയന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ സഖാവ് മണി തന്നെ ചില വിശദീകരണങ്ങള്‍ നല്‍കിയിട്ടുണ്ട്. പാര്‍ട്ടി ശത്രുക്കള്‍ പാര്‍ട്ടിയെ വളഞ്ഞിട്ട് കൊത്തിക്കീറാന്‍ ശ്രമിക്കുകയാണ്. അത്തരമൊരു ഘട്ടത്തില്‍ അനാവശ്യപ്രസ്താവനകള്‍ ഒഴിവാക്കാന്‍ നേതാക്കള്‍ക്ക് കരുതല്‍ വേണം. ഏതൊരു സഖാവും അനാവശ്യമായി എന്തെങ്കിലും പറഞ്ഞാല്‍ ശത്രുക്കള്‍ അത് ഉപയോഗിക്കും. അതുകൊണ്ട് നേരത്തെ പറഞ്ഞ കാര്യം ഒന്നു കൂടി ആവര്‍ത്തിക്കുകയാണ്. വിവാദപ്രസ്താവനകള്‍ നടത്തരുത്. ഇക്കാര്യത്തില്‍ എല്ലാ നേതാക്കളും ജാഗ്രത പുലര്‍ത്തണം.

സിപിഎം അക്രമത്തെ നേരിട്ടത് ജനത്തെ അണിനിരത്തിയാണെന്നും പിണറായി പറഞ്ഞു. ഇതിന്റെ ഭാഗമായാണ് പാര്‍ട്ടി വളര്‍ന്നത്. അക്രമത്തിന് മുന്നില്‍ തളരുന്ന പാര്‍ട്ടിയല്ല സിപിഎം. ആക്രമണത്തിലൂടെയും കൊലപാതകത്തിലൂടെയും ഒരു പാര്‍ട്ടിയെയും തകര്‍ക്കാനാവുമെന്ന് സിപിഎം വിശ്വസിക്കുന്നില്ല. അങ്ങനെ തകര്‍ന്നുപോവുമായിരുന്നെങ്കില്‍ സിപിഎം എന്നേ തകര്‍ന്നു പോകുമായിരുന്നുവെന്നും പിണറായി പറഞ്ഞു.