നരേന്ദ്രമോഡിയെ പ്രോസിക്യൂട്ട് ചെയ്യാമെന്ന് അമിക്കസ് ക്യൂറി

single-img
8 May 2012

നരേന്ദ്രമോഡിയെ ഗുജറാത്ത് കലാപകേസില്‍ പ്രോസിക്യൂട്ട് ചെയ്യാമെന്ന്  അമിക്കസ്‌ക്യൂറി സുപ്രീംകോടതിയ്ക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.  വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളത്തിയതിന്  ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാമെന്നാണ്  അമിക്കസ്‌ക്യൂറി ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആറുമാസങ്ങള്‍ക്കുമുമ്പുതന്നെ  സുപ്രീംകോടതിയ്ക്ക്  അമിക്കസ്‌ക്യൂറി  രാജു രാമചന്ദ്രന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെങ്കിലും  ഇതിന്റെ പകര്‍പ്പ്  കലാപം അന്വേഷിക്കുന്ന  പ്രത്യേക അന്വേഷണസംഘം പരാതിക്കാരിയായ   സാക്കിയജാഫ്രിക്ക്  ഇന്നലെ കൈമാറിയതോടെയാണു  വിവരങ്ങള്‍  ഔദ്യോഗികമായി പുറത്തുവന്നത്.  ഇത് മോഡിക്കും  ബി.ജെ.പിക്കും കനത്ത  തിരിച്ചടിയാണ്. എന്നാല്‍ ബി.ജെ.പി  ഈ റിപ്പോര്‍ട്ട്   നിരാകരിച്ചു.  അഭിഭാഷകര്‍ക്ക് ഇതില്‍ കാര്യമില്ലെന്നും  അന്വേഷണം പോലീസിന്റെ  ചുമതലയാണെന്നുമാണ്  ബി.ജെ.പി നേതാവ്  അരുണ്‍ ജയ്റ്റ്‌ലി  പറയുന്നത്. ഗുജറാത്ത് കലാപം അന്വേഷിക്കാന്‍  സുപ്രീംകോടതി നിയോഗിച്ച പ്രത്യേക  അന്വേഷണ സംഘത്തിനെതിരാണ് ഈ റിപ്പോര്‍ട്ട്. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിയതിന് ഇന്ത്യന്‍ പീനല്‍കോഡ് 153 എ(1)എ, എ(1)ബി,  153 ബി(1)എന്നീ  വകുപ്പുകള്‍ പ്രകാരം  പ്രഥമദൃഷ്ട്യാ നരേന്ദ്ര മോഡിക്കെതിരെ കേസെടുക്കാമെന്നും അമിക്കസ് ക്വൂറി  നല്‍കിയ ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.