എന്റിക്ക ലെക്സി കേരളാ തീരം വിട്ടു.

single-img
6 May 2012

കൊച്ചി: രണ്ട് മത്സ്യ ത്തൊഴിലാളികൾ മരിക്കാനിടയാക്കിയ സംഭവത്തെ തുടർന്ന് പോലീസ് കസ്റ്റഡിയിലായിരുന്ന എന്റിക്ക ലെക്സി എന്ന ഇറ്റാലിയൻ കപ്പൽ ഇന്നലെ രാത്രി 11 മണിയോടെ കേരള തീരം വിട്ടു.കപ്പലിന് കാവാലുണ്ടായിരുന്ന പോലീസുകാർ തിരികെ കൊച്ചിയിലേയ്ക്ക് മടങ്ങി.കപ്പലുടമകൾ സുപ്രീംകോടതിയുടെ ഉത്തരവിനെ തുടർന്ന് മൂന്നു കോടി രൂപയുടെ ബോണ്ടും ഡിമാൻഡ് ഡ്രാഫ്റ്റും കെട്ടിവെച്ചതിനെ തുടർന്നാണ് കപ്പൽ തീരം വിട്ടു പോകാൻ കേരള ഹൈക്കോടതി അനുമതി കൊടുത്തത്.മൂന്നു മാസത്തോളമുള്ള നീണ്ട നടപടി ക്രമങ്ങൾക്കു ശേഷമാണ് കപ്പലിനു തീരം വിടാൻ കഴിഞ്ഞത്.ഇന്നലെ സുപ്രീം കോടതി ഉത്തരവിന്റെ പകർപ്പും മൂന്നു കോടി രൂപയുടെ ബോണ്ടും കപ്പൽ തിരികെ കിട്ടിന്നതിനുള്ള അപേക്ഷയുമായി കപ്പൽ അധികൃതരും അഭിഭാഷകൻ വി.ജെ മാത്യുവും കപ്പലുടമകളായ ഡോൾഫിൻ ഡാങ്കേഴ്സിന്റെ എം.ഡി പിയ്യോഷിയാനോ ലൊ മൊറീലിയോ, ക്യാപ്ടൻ ഉമ്പർട്ടേ വിറ്റിലോ,കമ്പനിയുടെ ഇന്ത്യൻ ഏജന്റ് ജയിംസ് മക്കിന്റോഷ് ,ഇറ്റാലിയൻ കോൺസുലർ ജനറൽ ജിയോം പൌലോ കുടിലോ എന്നിവരും ഹൈക്കോടതിയിൽ എത്തിയിരുന്നു.തുടർന്ന് മൂന്നു കോടി രൂപയുടെ ബോണ്ട് മതിയാവില്ലെന്നും മൂന്നു കോടി രൂപയുടെ ബാങ്ക് ഗ്യാരന്റിയോ ഫിക്സഡ് ഡിപ്പോസിറ്റോ നൽകണമെന്ന് രജിസ്ട്രാറ് ജനറൽ ബി.കമാൽ പാഷ നിർദ്ദേശിച്ചു.തുടർന്ന് ഇതു ഹാജരാക്കിയതിനുശേഷമാണ് കപ്പൽ വിട്ടു പോകാൻ അനുമതി നൽകിയത്.