ഹജ്ജ് തീർത്ഥയാത്രാ നറുക്കെടുപ്പ് ഈ മാസം 14 ന്

single-img
4 May 2012

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനു പോകുന്നവരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ഈ മാസം 14 ന് നടക്കും.റിസർവ്വ് കാറ്റഗറിയിലെ ഒന്നാം വിഭാഗക്കാരായ 70 വയസ്സു കഴിഞ്ഞ 3,094 പേർക്കും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന 3,806 പേർക്കും ഉറപ്പായും ഹജ്ജിനു അവസരം ലഭിക്കും .ഹജ്ജിനു കേരളത്തിനു അനുവദിച്ചിട്ടുള്ള കേന്ദ്ര ക്വോട്ട 6,900 ആണ്.ഇതിനു പുറമെ അധിക സീറ്റ് കിട്ടുമെങ്കിൽ കാത്തിരിപ്പു പട്ടികയിലുള്ളവരെയാണ് അതിലേയ്ക്കായി കണ്ടെത്തുക.ഒരുപക്ഷെ ഈ അധിക സീറ്റ് ലഭിച്ചില്ലെങ്കിൽ ജനറൽ വിഭാഗത്തിലെ അപേക്ഷകർക്ക് ഇത്തവണയും ഹജ്ജ് എന്ന സ്വപ്നം സാധ്യമാകുകയില്ല. ഇതുവരെയും ഹജ്ജിനു അവസരം ലഭിക്കാത്തതിനെ തുടർന്ന് തുടർച്ചയായും നാലാം തവണയും അപേക്ഷ കൊടുത്ത് കാത്തിരിക്കുന്ന 4,986 പേരാണ് റിസർവ്വ് കാറ്റഗറിയിലെ രണ്ടാം വിഭാഗത്തിലുള്ളത്.ഇവരിൽ നിന്നാണ് നറുക്കെടുപ്പിലൂടെ 3806 പേരെ തിരഞ്ഞെടുക്കുക.റിസർവ്വ് കാറ്റഗറി പട്ടിക ഇന്നു പ്രസിദ്ധപ്പെടുത്തുമെന്നും പരാതിയുള്ളവർ ഏഴാം തീയതി വൈകിട്ടു 5 മണിയ്ക്കകം ഹജ്ജ് കമ്മിറ്റിയുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.