ഇന്ന് ലോക മാധ്യമ സ്വാതന്ത്രദിനം

single-img
3 May 2012

ജനതയുടെ അവകാശങ്ങൾക്ക് വേണ്ടി തൂലിക പടവാളാക്കുന്നവരാണ് മാധ്യമപ്രവർത്തകർ.ലോകത്താകമാനം വിവിധ വിഷയങ്ങളെ സമൂഹത്തിന് മുന്നിലെത്തിക്കുന്നതിനായി ലക്ഷക്കണക്കിന് മാധ്യമപ്രവർത്തകർ യത്നിക്കുന്നുണ്ട്.എന്നാൽ എല്ലായ്പ്പോഴും അവരുടെ ശ്രമങ്ങൾ സ്വീകരിക്കപ്പെടാറില്ല.പ്രത്യക്ഷമായും പരോക്ഷമായും മാധ്യമസ്വാതന്ത്രം ഹനിക്കപ്പെടുന്ന കാഴ്ച ഇന്ന് സാധാരണമാകുന്ന കാലഘട്ടമാണിത്.അത്തരമൊരവസ്ഥ ഒഴിവാക്കുന്നതിന് ലോകത്തിന് തന്നെ നേർവഴി കാട്ടുക എന്ന ലക്ഷ്യവുമായി ഇന്ന് ലോകമെമ്പാടും മാധ്യമ സ്വാതന്ത്രദിനം ആചരിക്കുന്നു.ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ മാധ്യമ സ്വാതന്ത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ലോകമെങ്ങും ബോധവൽക്കരണം നടത്താനുതകുന്ന പരിപാടികൾ ഈ ദിവസം നടത്തപ്പെടുന്നു.1991ൽ ആഫ്രിക്കയിലെ മാധ്യമപ്രവർത്തകർ മാധ്യമ സ്വാതന്ത്രത്തിനായി ഡിക്ലറേഷൻ ഓഫ് വിൻഡോക് മുന്നോട്ട് വെച്ചതിന്റെ അനുസ്മരണം കൂടിയാണ് എല്ലാ മെയ് 3ലും മാധ്യമ സ്വാതന്ത്രദിനം ആചരിക്കുന്നതിന് കാരണം.1997ൽ യുനെസ്കോ മാധ്യമസ്വാതന്ത്ര രംഗത്ത് നിസ്തുലമായ സംഭാവനകൾ നൽകുന്ന ആളുകൾക്കൊ സ്ഥാപനങ്ങൾക്കോ ഗലെർമോ കാനോ ലോക പ്രെസ്സ് ഫ്രീഡം പ്രൈസ് എന്നൊരു പുരസ്കാരം നൽകി വരുന്നു.ഗലെർമോ കാനോ ഇസാസ എന്ന കൊളംബിയൻ പത്രപ്രവർത്തകൻ 1986 ഡിസംബർ 17 ന് “എൽ എസ്പക്റ്റഡോർ” എന്ന തന്റെ സ്ഥാപനത്തിനു മുന്നിൽ കൊല്ലപ്പെട്ടിരുന്നു.അദേഹത്തിന്റെ ഓർമ്മയ്ക്കാണ് പുരസ്കാരത്തിന് ആ പേർ നൽകിയിരിക്കുന്നത്.ഈ വർഷം എയ്നുള്ള ഫത്തുള്ളയെവ് എന്ന അസർബൈജാനി പത്രപ്രവർത്തനാണ് ഈ പുരസ്കാരം ലഭിക്കുന്നത്.പത്രസ്വാതന്ത്രത്തിനും അഭിപ്രായ സ്വാതന്ത്രത്തിനുമായി ശബ്ദമുയർത്തുന്ന അദേഹം നാല് വർഷം ജയിലിലടയ്ക്കപ്പെട്ട ശേഷം കഴിഞ്ഞ വർഷമാണ് പുറത്ത് വന്നത്.അറിയപ്പെടുന്ന മനുഷ്യാവകാശപ്രവർത്തകനുമാണ് അദേഹം.