സഹന സമരം വിജയം കാണുന്നു;നഴ്സുമാരുടെ ശമ്പളം കൂട്ടാൻ ശുപാർശ

single-img
2 May 2012

മാസങ്ങളായി നിരാഹാര സമരത്തിലൂടെയും പണിമുടക്കിലൂടെയും അർഹമായ വേതനത്തിനായി പോരാടിയ സ്വകാര്യ മേഖലയിലെ നഴ്സുമാർക്ക് ഒടുവിൽ ആശ്വസിക്കാനുള്ള അവസരം.അവരുടെ പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കേരള സർക്കാർ നിയോഗിച്ച ഡോ.ബലരാമൻ കമ്മീഷൻ അതിന്മേലുള്ള റിപ്പോർട്ട് സമർപ്പിച്ചു.ശമ്പള വർധനയും നിർബന്ധിത ബോണ്ട് വ്യവസ്ഥ നിർത്തലാക്കുന്നതും ഉൾപ്പെടെയുള്ള നിർദ്ദേശങ്ങളാണ് കമ്മീഷൻ മുന്നോട്ട് വെച്ചിരിക്കുന്നത്.ഇപ്പോഴത്തെ ശമ്പളത്തിൽ നിന്നും മൂന്ന് മടങ്ങ് വരെയുള്ള വർധനയ്ക്കാണ് ശുപാർശ.നിലവിൽ 2009 ലെ വേതനനിരക്കിലാണ് ശമ്പളം നൽകിവരുന്നത്.കൂടാതെ 99 %വരുന്ന നഴ്സുമാരും വായ്പയെടുത്താണ് പഠിച്ചതെന്നും അത് തിരികെ അടക്കുന്നതിന് പ്രാപ്തമാക്കുന്ന തരത്തിൽ ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകണമെന്നാണ് റിപ്പോർട്ടിൽ ഉള്ളത്.രണ്ട് മാസത്തോളം കേരളത്തിലെ വിവിധ ആശുപത്രികളിൽ നഴ്സുമാരിൽ നിന്നും മാനേജ്മെന്റുകളിൽ നിന്നും തെളിവെടുപ്പ് നടത്തിയ ശേഷമാണ് മനുഷ്യാവകാശ കമ്മീഷൻ മുൻ ചെയർമാനായ ഡോ.ബലരാമന്റെ നേതൃത്വത്തിൽ റിപ്പോർട്ട് തയ്യാറാക്കിയത്.