എസ്.ബി.ടിയുടെ പ്രവര്‍ത്തന ലാഭം 1249 കോടി

single-img
30 April 2012

സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂറിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തന ലാഭത്തില്‍ 6.19 ശതമാനത്തിന്റെ വളര്‍ച്ച ഉണ്ടായതായി എസ്‌.ബി.ടി. മാനേജിംഗ്‌ ഡയറക്‌ടര്‍ പി.നന്ദകുമാരന്‍ അറിയിച്ചു.പ്രവര്‍ത്തന ലാഭം 1249 കോടി രൂപയായി ആണു വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 1176 കോടി രൂപയായിരുന്നു.അസല്‍ പലിശ വരുമാനം എട്ടു ശതമാനം അഭിവൃദ്ധിപ്പെട്ടതാണ്‌  പ്രവർത്തന ലാഭത്തിൽ വർധനയ്ക്ക് ഇടയാക്കിയതെന്ന് എം.ഡി പി.നന്ദകുമാരന്‍ പറഞ്ഞു.സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം അക്കൗണ്ടുകള്‍ വഴി നല്‍കിത്തുടങ്ങിയെന്നും എം.ഡി പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആകെ വരുമാനം മുന്‍ വര്‍ഷത്തെ 5810 കോടി രൂപയില്‍ നിന്നും 7477 കോടി രൂപയായി ഉയര്‍ന്നു.ബാങ്കിന്റെ മൊത്തം ബിസിനസ്‌ 104212 കോടി രൂപയില്‍നിന്നും 21.69 ശതമാനം വളര്‍ച്ചയോടെ 126816 കോടി രൂപയായി വര്‍ധിച്ചു. 58158 കോടി രൂപയുടെ നിക്ഷേപത്തില്‍ നിന്ന്‌ 71470 കോടി രൂപയായി നിക്ഷേപം ഉയര്‍ന്നു. 46044 കോടി രൂപയില്‍നിന്നും വായ്‌പ 55346 കോടി രൂപയായും വര്‍ധിച്ചെന്ന് ബാങ്ക്‌ ചീഫ്‌ ജനറല്‍ മാനേജര്‍ എം.സി. ജേക്കബ്‌ പറഞ്ഞു

ഏപ്രില്‍ 27ന് മുംബയില്‍ നടന്ന ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗം ബാങ്കിന്റെ പ്രകടനം രേഖപ്പെടുത്തി. 2011-2012ലെ ഇടക്കാല വിഹിതമുള്‍പ്പെടെ 10 രൂപ വിലയുള്ള ഓഹരിക്ക് 18 രൂപ വാര്‍ഷിക വിഹിതമാണ് ഡയറക്ടര്‍ ബോര്‍ഡ് പ്രഖ്യാപിച്ചത്

ബാങ്കിന്‌ 879 ശാഖകളുണ്ട്‌. 929 എ.ടി.എമ്മുകളും ബാങ്കിന്‌ ഇന്നുണ്ട്‌. പുതിയ 87 ശാഖകള്‍ തുറന്നിട്ടുണ്ട്.നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ആകെ ശാഖകളുടെ എണ്ണം 1000 ആക്കും.തൃശൂരില്‍ പുതിയ മേഖലാ ഓഫീസ് തുറന്നു. വയനാട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളില്‍ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന യൂണിറ്റുകള്‍ തുടങ്ങി. ട്രാഫിക് – ഇ ചെലാന്‍, ഇ- ടെന്‍ഡര്‍, ഇ- പേമെന്റ് എന്നീ സംവിധാനങ്ങള്‍ ആരംഭിച്ചു.ബാങ്കിന്‌ തിരുവനന്തപുരത്ത്‌ പ്രത്യേക പ്രവാസി സേവനശാഖയുമുണ്ടെന്ന് എം.ഡി പി.നന്ദകുമാരന്‍ അറിയിച്ചു

സംസ്‌ഥാനത്ത്‌ 13 ജില്ലകളിലും കന്യാകുമാരി ജില്ലയിലുമായി 14 പ്രത്യേക ഗോള്‍ഡ്‌ പോയിന്റ്‌ ശാഖകളും എസ്‌.ബി.ടിക്കുണ്ടെന്ന്‌ എം.ഡി പറഞ്ഞു

എസ്.ബി.ടി മാനേജിംഗ്‌ ഡയറക്‌ടര്‍ പി.നന്ദകുമാരൻ ബാങ്ക്‌ ചീഫ്‌ ജനറല്‍ മാനേജര്‍ എം.സി. ജേക്കബ്‌, ജനറല്‍ മാനേജര്‍മാരായ കണ്ണന്‍കുട്ടി, ഹരികൃഷ്‌ണന്‍, സജീവ്‌ കൃഷ്‌ണന്‍, ശാന്തനു മുഖര്‍ജി, രവിചന്ദ്‌ എന്നിവരും പങ്കെടുത്തു.