സൗദി -ഈജിപ്ത് ബന്ധത്തിനുലച്ചില്‍

single-img
29 April 2012

അഭിഭാഷകന്റെ അറസ്റ്റിനെത്തുടര്‍ന്ന് സൗദിഅറേബ്യയും ഈജിപ്തും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍. മനുഷ്യാവകാശപ്രവര്‍ത്തകന്‍കൂടിയായ അഹമ്മദ് എല്‍ ഗിസാവി എന്ന ഈജിപ്ഷ്യന്‍ അഭിഭാഷകനെ രണ്ടാഴ്ചമുമ്പ് ജിദ്ദയില്‍വച്ചാണ് സൗദി പോലീസ് അറസ്റ്റുചെയ്തത്. ഇതില്‍ പ്രതിഷേധിച്ച് കയ്‌റോയിലെ സൗദിഅറേബ്യന്‍ എംബസിക്കുമുന്നില്‍ ജനങ്ങളുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍, ഈജിപ്തുമായുള്ള നയതന്ത്രബന്ധം സൗദി താല്കാലികമായി വിച്ഛേദിച്ചു. ഈജിപ്തിലെ അംബാസഡറേയും നയതന്ത്ര ഉദ്യോഗസ്ഥരെയും തിരിച്ചുവിളിച്ച സൗദി, കയ്‌റോയിലെ എംബസിയും അലക്‌സാണ്ഡ്രിയ, സൂയസ് എന്നീ ഈജിപ്ഷ്യന്‍ നഗരങ്ങളിലെ കോണ്‍സുലേറ്റുകളും അടച്ചുപൂട്ടി. സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് സൗദിസര്‍ക്കാര്‍ വിശദീകരിച്ചു.

അബ്ദുള്ള രാജാവിനെ അപമാനിച്ചു പ്രസ്താവന നടത്തിയതിനാണ് അഹമ്മദിനെ അറസ്റ്റുചെയ്തതെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. എന്നാല്‍, വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ അനധികൃത മരുന്നുശേഖരം കൈവശംവച്ചതിനാണ് അറസ്റ്റെന്നാണ് ഔദ്യോഗികവിശദീകരണം. സൗദിയിലെ ജയിലുകളില്‍ കഴിയുന്ന ഈജിപ്ഷ്യന്‍ തടവുകാരുടെ ദുരവസ്ഥ പുറംലോകത്തെ അറിയിച്ചതിനാണ് അഹമ്മദിനെ അറസ്റ്റുചെയ്തതെന്നാണ് ഈജിപ്ഷ്യന്‍ മനുഷ്യാവകാശപ്രവര്‍ത്തകര്‍ പറയുന്നത്. ഉംറ നിര്‍വഹിക്കാനായി സൗദിയില്‍ എത്തിയപ്പോഴാണ് അഹമ്മദിനെ പിടികൂടിയതെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ആരോപിച്ചു.