ബൊഫോഴ്സ് കേസ്:പുതിയ വെളിപ്പെടുത്തലുമായി “ഡീപ് ത്രോട്ട്”

single-img
25 April 2012

ബൊഫോഴ്സ് ഇടപാടിൽ രാജീവ് ഗാന്ധി കൈക്കൂലി വാങ്ങിയതിന് തെളിവിലെങ്കിലും കുറ്റക്കാരനായ ഇറ്റാലിയൻ വ്യവസായി ഒട്ടാവിയോ ക്വത്രോച്ചിയെ അദേഹം സംരക്ഷിച്ചതായി വെളിപ്പെടുത്തൽ.സ്വീഡിഷ് മുൻ പോലീസ് മേധാവി സ്റ്റെൻ ലിൻഡ്സ്ട്രോം ആണ് ഒരു അഭിമുഖത്തിൽ ഇത് പറഞ്ഞത്.കൂടാതെ കേസ് സംബന്ധിച്ച് വർഷങ്ങൾക്ക് മുൻപ് മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾക്ക് അടിസ്ഥാനം താൻ നൽകിയ വിവരങ്ങളായിരുന്നെന്നും അദേഹം വെളിപ്പെടുത്തി.ഇക്കാര്യം ഇത്രയും കാലം രഹസ്യമായിരുന്നു.താൻ 350ഓളം രേഖകൾ ഇതിനായി ചോർത്തി നൽകിയതായും ലിൻഡ്സ്ട്രോം പറഞ്ഞു.ഇടപാടിൽ നേട്ടങ്ങൾ ഒന്നും രാജീവ് ഗാന്ധിയ്ക്ക് ഇല്ലെങ്കിലും ഇടപാടിനെ ക്കുറിച്ച് അദേഹത്തിന് വ്യക്തമായ അറിവുണ്ടായിരുന്നതായും അദേഹം പറഞ്ഞു.ക്വത് റോച്ചിയെ കുടുക്കാൻ വ്യക്തമായ തെളിവുകളുണ്ടായിരുന്നിട്ടും അയാളെ രക്ഷിക്കുന്ന നിലപാടാണ് അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി സ്വീകരിച്ചത്.ചലച്ചിത്ര താരം അമിതാഭ് ബച്ചനെയും കുടുംബത്തെയും ഈ കേസിലേയ്ക്ക് ഇന്ത്യൻ മാധ്യമങ്ങൾ ഒരു കാരണവുമില്ലാതെ വലിച്ചിഴക്കുകയായിരുന്നെന്നും ലിൻഡ്സ്ട്രോം പറഞ്ഞു.

ബൊഫോഴ്സ് കേസുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയെ ചോദ്യം ചെയ്യാൻ എൻ.ഡി.എ.സർക്കാർ അനുമതി നൽകിയില്ലെന്നും ആരോപണം.ജനത പാർട്ടി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയാണീ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.കേസിൽ പുതിയ വെളിപ്പെടുത്തൽ നടത്തിയ സ്വീഡിഷ് മുൻ പോലീസ് മേധാവി ലിൻഡ്സ്ട്രോം തന്നെയാണ് ഇതിനുള്ള അനുമതിയും തേടിയതെന്നാണ് അദേഹം പറയുന്നത്.എന്നാൽ അന്നത്തെ സർക്കാർ ഇതിന് അനുമതി നൽകിയില്ല.ഇത് സംബന്ധിച്ച ലിൻഡ്സ്ട്രോമിന്റെ കത്തിന്റെ പകർപ്പ് തനിക്ക് ലഭിച്ചതായും അതും മറ്റ് തെളിവുകളുമായി സി ബി ഐയെ സമീപിച്ചെങ്കിലും കേസ് അവസാനിപ്പിച്ചതിനാൽ ഇനി ഒന്നും ചെയ്യാൻ കഴിയില്ലെന്ന ഉത്തരമാണ് ലഭിച്ചതെന്നും സ്വാമി പറഞ്ഞു.ഇനി നേരെ കോടതിയെ സമീപിക്കുമെന്നും അദേഹം കൂട്ടിച്ചേർത്തു.ഇപ്പോൾ നടക്കുന്ന 2ജി കേസ് പൂർത്തിയായാലുടൻ കേസ് നൽകുമെന്നും സ്വാമി പറഞ്ഞു.