മാധ്യമ രംഗത്തെ വനിത സാന്നിധ്യം പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതിന് അഭികാമ്യം:മുഖ്യമന്ത്രി

single-img
24 April 2012

സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയൊരു സമൂഹത്തിന്റെ പ്രശ്നങ്ങൾ പ്രതിനിധാനം ചെയ്യാൻ മാധ്യമ രംഗത്തെ വനിത സാന്നിധ്യം സഹായകമാകുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.പ്രസ്സ് ക്ലബ് ഫോർത്ത് എസ്റ്റേറ്റ് ഹാളിൽ “നെറ്റ് വർക്ക് ഓഫ് വുമൻ ഇൻ മീഡിയ”(എൻ.ഡബ്ലിയു.എം.) സംഘടിപ്പിച്ച ഫെല്ലോഷിപ്പ് വിതരണവും ഒത്തുചേരലും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.കുടുംബ ബന്ധങ്ങൾക്ക് ശക്തമായ കെട്ടുറപ്പ് ഏറ്റവും കൂടുതൽ കാണാൻ കഴിയുന്ന നാടാണ് നമ്മുടേതെന്നും സ്ത്രീ ശാക്തീകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അഭിപ്രായപ്പെട്ട മുഖ്യമന്ത്രി അതിന് വേണ്ട പദ്ധതികൾ ആവിഷ്കരിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ എന്നും അറിയിച്ചു.സ്വാശ്രയ വിദ്യാഭ്യാസവും സ്ത്രീയും എന്ന വിഷയത്തിൽ പുസ്തക രചന നടത്തുന്ന ഗീതാഞ്ജലി കൃഷ്ണന് 25000 രൂപയുടെ ഫെല്ലോഷിപ്പ് മുഖ്യമന്ത്രി വിതരണം ചെയ്തു.തുടർന്ന് മാധ്യമ രംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച് അവാർഡുകൾ നേടിയ വനിത മാധ്യമ പ്രവർത്തകരെ ഉപഹാരം നൽകി ആദരിച്ചു.പ്രസ്സ് അക്കാദമി ചെയർമാൻ എൻ.പി.രാജേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.ഡബ്ലിയു.എം. ദേശീയ കൌൺസിൽ അംഗം കെ.എ.ബീന സ്വാഗതം പറഞ്ഞു.ബി.ആർ.പി.ഭാസ്കർ,ആർ.വി.ജി.മേനോൻ,പ്രസ്സ് ക്ലബ് പ്രസിഡന്റ് പ്രദീപ് പിള്ള എന്നിവർ ആശംസകൾ നേർന്നു.തുടർന്ന് പി.കെ.മേദിനിയെ കുറിച്ച് സജിത മഠത്തിൽ സംവിധാനം ചെയ്ത് സംസ്ഥാന ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻ വകുപ്പ് നിർമ്മിച്ച “മാറ്റത്തിന്റെ പാട്ടുകാരി” ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു.