അഭിഷേക് സിംഗ്‌വി പദവികള്‍ രാജിവച്ചു
അശ്ലീല സിഡി വിവാദത്തെത്തുടര്‍ന്ന് പാര്‍ലമെന്റ് നിയമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്‌വി രാജിവച്ചു. കോണ്‍ഗ്രസ് വക്താവ് സ്ഥാനവും രാജിവെച്ചിട്ടുണ്ട്.
സിംഗ്‌വിയും ഡല്‍ഹി ഹൈക്കോടതിയിലെ അഭിഭാഷകയുമായുള്ള ദൃശ്യങ്ങള്‍ അടങ്ങിയ സിഡി സംബന്ധിച്ച വാര്‍ത്തകള്‍ ചില ചാനലുകള്‍ സംപ്രേക്ഷണം ചെയ്തതിനെത്തുടര്‍ന്നാണ് രാജി. സിഡികള്‍ വ്യാജമാണെന്നായിരുന്നു സിംഗ്‌വിയുടെ ഇതുവരെയുള്ള നിലപാട്. എന്നാല്‍ പാര്‍ലമെന്റ് സമ്മേളനം നാളെ ആരംഭിക്കാനിരിക്കെ സര്‍ക്കാരിനെ കൂടുതല്‍ കുഴപ്പത്തിലാക്കാതിരിക്കാനാണ് പൊടുന്നനെയുള്ള രാജിയെന്നാണ് സൂചന. സിഡിയിലെ ദൃശ്യങ്ങള്‍ പുറത്തുവിട്ടതിനെതിരെ സിംഗ്‌വിയുടെ സഹപ്രവര്‍ത്തകനായ അഡ്വ. അഭിമന്യു ഭണ്ഡാരി നല്‍കിയ ഹര്‍ജിയില്‍ സി.ഡിയിലെ ദൃശ്യങ്ങളും ഉള്ളടക്കവും പുറത്തു വിടരുതെന്ന് ഡല്‍ഹി ഹൈക്കോടതി നേരത്തെ വിധിച്ചിരുന്നു.