വൻ സാമ്പത്തിക തട്ടിപ്പ്: വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ വിദ്യാർത്ഥികളും രക്ഷിതാക്കളും ഇന്ന് മുതൽ സമരത്തിലേയ്ക്ക്

single-img
18 April 2012

കോഴിക്കോട് : മോഹിപ്പിക്കുന്ന വാഗ്ദാനങ്ങൾ നൽകിയും ഭീമമായ ഫീസ് ഈടാക്കിയും ബി ബി എ എയർലൈൻസ് ആന്റ് എയർപോർട്ട് മാനെജ്മെന്റ് ബിരുദകോഴ്സിന് ചേർന്ന വിദ്യാർത്ഥികൾക്ക് അടിസ്ഥാന പഠനസൌകര്യങ്ങൾ പോലും നൽകാതെ വഞ്ചിച്ചതിനെതിരെ വിദ്യാർത്ഥികളും രക്ഷകർത്താക്കളും സമരത്തിലേയ്ക്ക്.മാവൂർ റോഡിൽ പ്രവർത്തിക്കുന്ന എയിംഫിൽ ഇന്റർനാഷണൽ എന്ന സ്ഥാപനത്തിനെതിരെയാണ് ഇന്ന് മുതൽ വിദ്യാർത്ഥികൾ സമരം ആരംഭിക്കുന്നത്.

കഴിഞ്ഞ ആഗസ്ത് മാസത്തിലാണ് എയിംഫിൽ ഇന്റർനാഷണലിൽ വിദ്യാർത്ഥികൾ പ്രവേശനം നേടിയത്.അംഗീകൃത സർവ്വകലാശാലയുടെ ബിരുദ സർട്ടിഫിക്കറ്റ്,യാത്ര സൌജന്യം,ആധുനിക പ്രാക്ടിക്കൽ സംവിധാനം തുടങ്ങി എല്ലാ സൌകര്യങ്ങളും വാഗ്ദാനം ചെയ്താണ് സ്ഥാപനം രണ്ട് ലക്ഷത്തോളം രൂപ ഫീസുള്ള കോഴ്സിന് വിദ്യാർത്ഥികളെ ചേർത്തത്.ആദ്യ ഗഡുവായി നൽകുന്ന തുക കഴിച്ചുള്ള ഫീസ് സംഖ്യയ്ക്ക് സ്ഥാപനം പലിശ രഹിത വായ്പ ഏർപ്പാടാക്കി നൽകുമെന്നും ഉറപ്പ് നൽകിയിരുന്നു.എന്നാൽ ആദ്യ ഗഡുവായി ഓരോ വിദ്യാർത്ഥിയിൽ നിന്നും വ്യത്യസ്ത തുകകളാണ് ഈടാക്കിയത്.ബാക്കി ഫീസിനാവശ്യപ്പെട്ടപ്പോൾ ബാങ്ക് വായ്പ തരപ്പെടുത്തുന്നതിന് സ്ഥാപന മേധാവികളെ സമീപിച്ചെങ്കിലും ഒഴിവു കഴിവുകൾ പറഞ്ഞ് വഞ്ചിക്കുകയായിരുന്നു.

ഇവിടെ പഠിക്കുന്നവർക്കുള്ള യോഗ്യത മാനദണ്ഡമെന്താണെന്ന് ഒരു നിശ്ചയവുമില്ലാത്ത സ്ഥിതിയായിരുന്നു.കുട്ടികൾ യാത്രാ സൌജന്യം ആവശ്യപ്പെട്ടപ്പോൾ അത് നിങ്ങൽ തന്നെ തരപ്പെടുത്തിക്കൊള്ളണമെന്നായിരുന്നു മറുപടി.കോഴ്സ് ആരംഭിച്ച് ഏറെ കഴിയും മുമ്പ് തന്നെ സ്ഥാപനത്തിന്റെ പ്രവർത്തനത്തിൽ അസ്വാഭാവികത തോന്നിയ ചില വിദ്യാർത്ഥികൾ ആദ്യ ഗഡുവായി നൽകിയ തുകയും സർട്ടിഫിക്കറ്റുകളും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും അത് നൽകാൻ തയ്യാറായില്ല.വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.തുടർന്ന് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് മധ്യസ്ഥർ മുഖേന ചില വിദ്യാർത്ഥികൾക്ക് ഫീസ് തുകയിൽ ഒരു ഭാഗം തിരിച്ച് നൽകാമെന്ന് സമ്മതിച്ചുവെങ്കിലും എല്ലാവർക്കും തുക നൽകുന്നതിന് സന്നദ്ധമായതുമില്ല.കൂടാതെ കോഴ്സിന്റെ പേരിൽ ഇപ്പോഴും പുതിയ ആളുകളെ ചേർക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നു.ഒരു വർഷം നഷ്ടമായ വിദ്യാർത്ഥികൾ ഇപ്പോഴെങ്കിലും സർട്ടിഫിക്കറ്റുകളും തുകയും തിരിച്ചു കിട്ടുന്നില്ലെങ്കിൽ അടുത്ത വർഷം കൂടി തങ്ങൾക്ക് നഷ്ടമാകുമെന്ന അവസ്ഥയിലാണ് പ്രത്യക്ഷ സമരത്തിനിറങ്ങുന്നത്.സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്തും ചിലരിൽ നിന്ന് പണം കൈപ്പറ്റിയതായി അറിയുന്നു.നേരത്തെ കപ്യൂട്ടർ കോഴ്സുകൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് വിദ്യാർത്ഥികളെ ചേർക്കുകയും പിന്നീട് മുങ്ങുകയും ചെയ്ത വ്യക്തിയാണ് ഈ സ്ഥാപനത്തിന്റെയും പിറകിൽ പ്രവർത്തിക്കുന്നത്.സ്ഥാപനത്തിനെതിരെ വിദ്യാർത്ഥികൾ കമ്മീഷണർ ഉൾപ്പെടെയുള്ള പോലീസ് അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ട്.