മുംബൈ ആക്രമണത്തിൽ സയിദിനുള്ള പങ്ക് പാക്കിസ്ഥാന് നിഷേധിക്കാനാകില്ല : എസ്.എം.കൃഷ്ണ

single-img
6 April 2012

പിടികൂടാൻ സഹായിക്കുവർക്ക് ഒരു കോടി ഡോളർ പാരിതോഷികം നൽകുമെന്ന് അമേരിക്ക പ്രഖ്യാപിച്ചതിലൂടെ വീണ്ടും സജീവമായ ഹാഫിസ് സയിദ് പ്രശ്നത്തിൽ പാക്കിസ്ഥാന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണയുടെ രൂക്ഷ വിമർശനം.മുംബൈ ഭീകരാക്രമണത്തിൽ സയിദിനുള്ള പങ്ക് തെളിയിക്കുന്ന രേഖകൾ ഇന്ത്യ കൈമാറിയിട്ടില്ലെന്ന പാക് അധികാരികളുടെ വാദത്തെ അസംബന്ധമെന്നാണ് അദേഹം വിശേഷിപ്പിച്ചത്.ഈ പ്രശ്നത്തെ സംബന്ധിച്ച് പലതവണയായി നിരവധി ശക്തമായ തെളിവുകൾ ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം പാക്കിസ്ഥാന് കൈമാറിയതായി അദേഹം അറിയിച്ചു.പാക്കിസ്ഥാൻ ഏതൊക്കെ ഭാഷയിൽ നിഷേധിച്ചാലും ഹാഫിസിനെ കുറ്റവിമുക്തനാക്കാൻ കഴിയാത്ത തരത്തിലുള്ള തെളിവുകളാണ് ഉള്ളതെന്ന് അദേഹം കൂട്ടിച്ചേർത്തു.ജുഡീഷ്യൽ അന്വേഷണം നടത്താതെ ഇത് അവർക്ക് തെളിയിക്കാൻ കഴിയില്ലെന്നും കൃഷ്ണ പറഞ്ഞു.നടക്കാനിരിക്കുന്ന പാക് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദേഹം പറഞ്ഞു.

ഹാഫിസ് സയിദിനെതിരെ ശക്തമായ തെളിവുകളില്ലാത്തതിന്റെ പേരിൽ അയാൾക്കെതിരെ നടപടിയെടുക്കാൻ കഴിയില്ലെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി നാഷണൽ അസംബ്ലിയിൽ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.സയിദിന്റെ കാര്യം തികച്ചും ആഭ്യന്തരമാണെന്നും ഗിലാനി പറഞ്ഞിരുന്നു.പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രിയും ഈ വിഷയത്തിൽ കൂടുതൽ തെളിവുകൾ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.