ഇർഫാന്റെ ബാറ്റിങ്ങ് മികവിൽ കൊൽക്കത്ത മുങ്ങി

single-img
6 April 2012

മഴ പെയ്തൊഴിഞ്ഞ മാനത്ത് പന്തുകൾ കൊണ്ട് മിന്നൽ‌പ്പിണരുകൾ തീർത്ത് ഇർഫാൻ പത്താൻ കത്തിക്കയറിയപ്പോൾ കടുവകൾ നിറഞ്ഞ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എട്ടു വിക്കറ്റിന്റെ തോൽവി.അഞ്ചാമത് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ രണ്ടാം മത്സരത്തിൽ ആണ് കൊൽക്കത്തയിലെ തങ്ങളുടെ ഹോം ഗ്രൌണ്ടായ ഈഡൻ ഗാർഡൻസിൽ അവർക്ക് തോൽവി പിണഞ്ഞത്.  ഇരുപത് പന്തിൽ നിന്ന് പുറത്താകാതെ 42 റൺസ് എടുത്ത ഇർഫാന്റെ അവസാന ഓവറുകളിലെ വെടിക്കെട്ടാണ് കൊൽക്കത്ത ഉയർത്തിയ 98 റൺസിന്റെ വിജയ ലക്ഷ്യം മറികടക്കാൻ ഡെയർ ഡെവിൾസിനെ സഹായിച്ചത്.മഴ കാരണം 12 ഓവർ ആക്കി ചുരുക്കിയ മത്സരത്തിൽ 5 പന്തുകൾ ശേഷിക്കെയാണ് ജയം നേടിയത്.

ആദ്യം ബാറ്റു ചെയ്ത കൊൽക്കത്ത ടീം 12 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 98 റൺസ് എടുത്തത്.അവർക്കു വേണ്ടി ഗൌതം ഗംഭീർ(16),ദേബേന്ദ്ര ദാസ്(18), ലക്ഷ്മി ശുക്ല(26) എന്നിവർക്ക് മാത്രമാണ് ഇരട്ടയക്കം തികക്കാനായത്.ഒരു ഘട്ടത്തിൽ 55 ന് 6 വിക്കറ്റ് എന്ന നിലയിലായിരുന്നു ഷാരൂഖിന്റെ ടീം.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡെൽഹി ടീമിന് ഓപ്പണർമാരായ സേവാഗും(20) ആരോൺ ഫ്ഇഞ്ചും ചേർന്ന് മികച്ച തുടക്കം നൽകി.49 റൺസ് ആണ് ഓപ്പണിങ്ങ് കൂട്ടുക്കെട്ട് നേടിയത്.ഇവർ രണ്ട് പേരും അടുത്തടുത്ത് പുറത്തായ ശേഷമാണ് ഇർഫാൻ തന്റെ വെടിക്കെട്ടുമായി കാണികളെ കോരിത്തരിപ്പിച്ചത്.രണ്ട് ഫോറും മൂന്നു സിക്സും ആണ് പത്താന്റെ ഇന്നിങ്സിൽ ഉണ്ടായിരുന്നത്.