നിലവിലെ ചാമ്പ്യന്മാർക്ക് മുംബൈ വക “ലെവി” ഷോക്ക്

single-img
4 April 2012

നിലവിലെ ചാമ്പ്യന്മാർക്ക് ആദ്യ മത്സരത്തിൽ തന്നെ അടിപതറുന്ന കാഴ്ചയുമായി ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അഞ്ചാം പതിപ്പിന് തുടക്കമായി.ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസാണ് എട്ടു വിക്കറ്റിന്റെ അനായാസ ജയവുമായി ചെന്നൈ സൂപ്പർകിങ്സിന് മേലെ പറന്നത്.മികച്ച ഓൾ റൌണ്ട് പ്രകടനം കാഴ്ച വെച്ച മുംബൈ ടീം ഈ വർഷത്തെ കിരീടപ്പോരാട്ടം കൂടുതൽ മികവുറ്റതാകുമെന്ന മുന്നറിയിപ്പാണ് എതിരാളികൾക്ക് നൽകിയിരിക്കുന്നത്.സച്ചിൻ തെണ്ടുൽക്കർ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞതിന് പകരമായി ആ സ്ഥാനത്തെത്തിയ ഹർഭജൻ സിംഗ് ടോസ്സ് നേടി ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.ക്യാപ്റ്റന്റെ തീരുമാനത്തെ നീതികരിച്ച് കൊണ്ട് അച്ചടക്കത്തോടെ ബോളിങ്ങും ഫീൽഡിങ്ങും മുന്നേറിയപ്പോൾ വെടിക്കെട്ടു ബാറ്റിങ്ങിന് പേരു കേട്ട ചെന്നൈ നിര 19.5 ഓവറിൽ 112 റൺസിനു പുറത്തായി.മറുപടി ബാറ്റിങ്ങിനെത്തിയ മുംബൈ നിരയിൽ ദക്ഷിണാഫ്രിക്കൻ താരമാ റിച്ചാഡ് ലെവി കത്തി ജ്വലിച്ചപ്പോൾ 3.1 ഓവർ ശേഷിക്കെ അവർ ലക്ഷ്യം നേടിയെടുത്തു.സ്കോർ: ചെന്നൈ19.5 ഓവറിൽ 112 ന് പുറത്ത്;മുംബൈ 16.5 ഓവറിൽ രണ്ടിന് 115.

35 പന്തിൽ ആറു ഫോറും മൂന്നു സിക്സുകളും അടിച്ചു കൂട്ടി 50 റൺസ് നേടിയ ലെവിയുടെ ഇന്നിങ്സ് ആണ് കാണികൾക്ക് വിരുന്നായത്.അമ്പാട്ടി റായുഡു(18*),ജയിംസ് ഫ്രാങ്ക്ലിൽ(25*) എന്നിവർ പുറത്താകാതെ നേടിയ റൺസുകളും മുംബൈയ്ക്ക് കരുത്തായി.സച്ചിൽ(16) തെണ്ടുൽക്കൽ ബാറ്റിങ്ങിനിടെ പരുക്കേറ്റ് പുറത്ത് പോയത് മാത്രമാണ് മുംബൈയ്ക്ക് തിരിച്ചടിയായത്.ഡ്ഗ് ബോളിഞറുടെ പന്ത് കൈയിൽ കൊണ്ടതിനാൽ സച്ചിൽ വിരമിച്ച് പുറത്ത് പോകുകയായിരുന്നു.

ചെന്നൈ നിരയിൽ മുരളി വിജയ്(10),ആൽബി മോർക്കൽ(3),ക്യാപ്റ്റൻ എം.എസ്.ധോണി(4),രവീന്ദ്ര ജഡേജ(3) എന്നിവർ പെട്ടെന്ന് തന്നെ പരാജയം സമ്മതിച്ചപ്പോൾ 26 പന്തിൽ നിന്ന് 36 റൺസ്സ് നേടി സുരേഷ് റൈനയാണ് മാന്യമായ ഒരു സ്കോറിലേയ്ക്ക് അവരെ എത്തിച്ചത്.രണ്ട് ഫോറും ഒരു സിക്സും അടങ്ങുന്നതാണ് റൈനയുടെ ഇന്നിങ്സ്.പിന്നെ ഭേദപ്പെട്ട പ്രകടനം 19 റൺസ് എടുത്ത ഡ്വെയിൻ ബ്രാവോയുടേതായിരുന്നു.19 പന്തിൽ നിന്ന് മൂന്ന് ഫോറിന്റെ അകമ്പടിയോടെയാണ് അത്രയും റൺസ് ബ്രാവോ നേടിയത്.