വി.കെ. സിംഗിന്റെ വെളിപ്പെടുത്തല്‍; രാജ്യസഭയില്‍ ആന്റണി വികാരാധീതനായി

single-img
27 March 2012

കരസേനയുടെ ഉപയോഗത്തിനായി നിലവാരം കുറഞ്ഞ വാഹനങ്ങള്‍ വാങ്ങാന്‍ 14 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്‌തെന്ന വിവരം കരസേനാ മേധാവി വി.കെ.സിംഗ് തന്നോട് നേരത്തെ സൂചിപ്പിച്ചിരുന്നുവെന്ന് പ്രതിരോധ മന്ത്രി എ.കെ.ആന്റണി. ഒരു വര്‍ഷം മുമ്പാണ് വി.കെ.സിംഗ് തന്നോട് ഇക്കാര്യം സൂചിപ്പിച്ചതെന്ന് ആന്റണി രാജ്യസഭയില്‍ നടത്തിയ വികാരനിര്‍ഭരമായ പ്രസ്താവനയില്‍ പറഞ്ഞു.

മുന്‍ പ്രതിരോധ ഉദ്യോഗസ്ഥനായ തേജീന്ദര്‍ സിംഗാണ് കൈക്കൂലി വാഗ്ദാനം ചെയ്തതെന്നും വി.കെ.സിംഗ് സൂചിപ്പിച്ചിരുന്നു. ഇക്കാര്യമറിഞ്ഞപ്പോള്‍ താന്‍ തലയില്‍ കൈവെച്ച് ഇരുന്നുപോയി. തേജീന്ദര്‍ സിംഗിനെതിരെ കേസെടുക്കാന്‍ അന്നു തന്നെ വി.കെ.സിംഗിനോട് നിര്‍ദേശിച്ചു. എന്നാല്‍ അന്ന് കരസേനാ മേധാവി രേഖാമൂലം പരാതി നല്‍കാന്‍ തയാറാവുകയോ ഇക്കാര്യത്തില്‍ വലിയ താല്‍പര്യമെടുക്കുകയോ ചെയ്തില്ല. നടപടിക്കായി സമ്മര്‍ദ്ദം ചെലുത്താനാവില്ലെന്നായിരുന്നു വി.കെ.സിംഗിന്റെ നിലപാട്.

കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം നടത്താന്‍ പ്രതിരോധ സെക്രട്ടറിയോട് ഉത്തരവിട്ടിട്ടുണ്ട്. സൈന്യത്തില്‍ ഒരു തരത്തിലുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ലെന്നും സൈനിക കരാറുകളില്‍ കോഴ കണ്‌ടെത്തിയാല്‍ കരാര്‍ തന്നെ റദ്ദാക്കുമെന്നും ആന്റണി പറഞ്ഞു.

താന്‍ അധികാരമേറ്റെടുത്തശേഷം അഴിമതിക്കാരായ അറു കമ്പനികളെ ഇതുവരെ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. വി.കെ.സിംഗ് ഉയര്‍ത്തിയ ആരോപണത്തില്‍ താന്‍ തെറ്റുകാരനാണെങ്കില്‍ ശിക്ഷിക്കാമെന്നും അഴിമതിക്കെതിരെ താന്‍ എക്കാലത്തും ശക്തമായി പോരാടിയിട്ടുണ്‌ടെന്നും ആന്റണി പറഞ്ഞു.