ബന്ദികളാക്കപ്പെട്ട കപ്പല്‍ ജീവനക്കാരനെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിക്കായി ഹര്‍ജി

single-img
21 March 2012

സോമാലിയന്‍ കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്ത ആസ്ഫാള്‍ട്ട് വെഞ്ചര്‍ എന്ന കപ്പലിലെ മലയാളി ഓഫീസറെ മോചിപ്പിക്കുന്നതിനു സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹര്‍ജി. 2010 സെപ്റ്റംബര്‍ 28നു സോമാലിയന്‍ കൊള്ളക്കാര്‍ തട്ടിയെടുത്ത കപ്പലിലെ സെക്കന്‍ഡ് ഓഫീസര്‍ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി ടി.ബി. ഉണ്ണികൃഷ്ണന്റെ ഭാര്യ ശോഭാ ഉണ്ണികൃഷ്ണനാണു ഹര്‍ജി സമര്‍പ്പിച്ചത്.

തന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും ചികിത്സ വേണമെന്നും പ്രമേഹരോഗിയായ ടി.ബി. ഉണ്ണികൃഷ്ണന്‍ കഴിഞ്ഞ ദിവസം ഫോണില്‍ സംസാരിച്ചപ്പോള്‍ അറിയിച്ചതായി ഹര്‍ജിക്കാരി ബോധിപ്പിച്ചു. ഈ സാഹചര്യത്തില്‍ വിദേശകാര്യമന്ത്രാലയം അടിയന്തരമായി ഇടപെടണമെന്നാണു ഹര്‍ജിയിലെ ആവശ്യം. ബന്ദികളില്‍ എട്ടു പേരെ മോചിപ്പിച്ചു. എന്നാല്‍, മറ്റുള്ളവരെ മോചിപ്പിക്കാന്‍ ഇതുവരെ നടപടി ആയിട്ടില്ല. ബന്ധപ്പെട്ട അധികൃതര്‍ക്കും മന്ത്രിമാര്‍ക്കും പരാതി നല്കിയെങ്കിലും നടപടി എടുത്തിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. കേസ് ഇന്നു പരിഗണിച്ചേക്കും.