ടെക്‌നോപാര്‍ക്കില്‍ തദ്ദേശ തൊഴിലാളികള്‍ക്ക് പണിയില്ല; പോലീസും കോണ്‍ട്രാക്ടറും ഒത്തു കളിക്കുന്നെന്നു യൂണിയനുകള്‍

single-img
19 March 2012

60 ശതമാനം തൊഴിലുകളും തദ്ദേശിയരായ തൊഴിലാളികള്‍ക്ക് നല്‍കാമെന്നുള്ള കരാര്‍ ടെക്‌നോപാര്‍ക്ക് തെറ്റിക്കുന്നെന്നു പരാതി. ഇതു സംബന്ധിച്ചുള്ള ചര്‍ച്ചയ്ക്കായി ചെന്ന യൂണിയന്‍ നേതാക്കളെ കഴക്കുട്ടം എസ്.ഐ മര്‍ദ്ദിക്കാന്‍ ശ്രമിച്ചതായി ആരോപണം.

കഴക്കുട്ടം ടെക്‌നോപാര്‍ക്കില്‍ ഉണ്ടാകുന്ന തൊഴിലവസരങ്ങളില്‍ 60 ശതമാനം തദ്ദേശിയരായ തൊഴിലാളികള്‍ക്കു കൊടുക്കാശമെ കരാര്‍ ടെക്‌നോപാര്‍ക്കിലെ സി.സി.എം. എന്ന കമ്പനി തെറ്റിക്കുന്നുവെന്നാണ് യൂണിയനുകള്‍ പരാതിപ്പെടുന്നത്. എഗ്രിമെന്റിന്റെ അടിസ്ഥാനത്തില്‍ തൊഴില്‍ ശകാടുത്തുകൊള്ളാമെന്ന ഉറപ്പിനെ കരാറുകാരനും കമ്പനിയും കൂടി അട്ടിമറിക്കുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. ബംഗാളില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമൊക്കെയുള്ള തൊഴിലാളികളെകൊണ്ടാണ് കരാറുകാരന്‍ ഇപ്പോള്‍ ടെക്‌നോപാര്‍ക്കില്‍ തൊഴിലെടുപ്പിക്കുന്നത്.

ഇതിനെതിരെ കഴിഞ്ഞദിവസം ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ യൂണിയനുകള്‍ പരാതി നല്‍കുകയും പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ട് ഡിപ്പാര്‍ട്ട്‌മെന്റ് യൂണിയനുകളോട് പാര്‍ക്കുമായി ചര്‍ച്ചചെയ്ത് ഒരുതീരുമാനത്തിലെത്താന്‍ ആവശ്യെപ്പടുകയും ചെയ്തു. എന്നാല്‍ പാര്‍ക്ക് ചര്‍ച്ചയ്ക്ക് തയ്യാറായില്ലെന്ന് മാത്രമല്ല, അവരുടെ തീരുമാനം പുനഃപരിശോധിക്കുകയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയതാതായി യൂണിയനുകള്‍ പറയുന്നു. ഇതിനു ശേഷമാണ് യൂണിയനുകള്‍ പരാതിയുമായി കഴക്കുട്ടം പോലിസിനെ സമീപിച്ചത്.

പക്ഷേ, പരാതിയുമായി ചെന്ന യൂണിയന്‍ നേതാക്കളെ ഭീഷണിപ്പെടുത്തുന്ന നടപടിയാണ് കഴക്കുട്ടം എസ്.ഐയുടെ ഭാഗത്തുനിന്നുണ്ടായത്. ചര്‍ച്ച ചെയ്യാന്‍ ചെന്ന നേതാക്കളെ ചീത്തവിളിക്കുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി സമരനേതാക്കള്‍ പറയുന്നു. കമ്പനിയുടെയും കരാറുകാരന്റെയും ചട്ടുകമായി പ്രവര്‍ത്തിക്കുന്ന ഈ എസ്.ഐക്ക് തൊഴിലാളികളുടെയും സാധാരണക്കാരന്റെയും വേദനകാണാന്‍ കഴിയില്ലെന്നും നേതാക്കള്‍ പറയുന്നു. ടെക്‌നോപാര്‍ക്കില്‍ കമ്പനികള്‍ ഒരുക്കുന്ന വിരുന്നു സല്‍ക്കാരങ്ങളില്‍ പങ്കെടുത്ത് കമ്പനികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഈ എസ്.ഐയ്‌ക്കെതിരെ വമ്പന്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ ആലോചിക്കുന്നതായും നേതാക്കള്‍ പറഞ്ഞു.

ടെക്‌നോപാര്‍ക്കിനു വേണ്ടി കിടപ്പാടം വരെ വിട്ടുനല്‍കിയ തൊഴിലാളികളോട് സര്‍ക്കാര്‍ കൊടുത്ത വാക്ക്- 60 ശതമാനം പേര്‍ക്ക് തൊഴില്‍- വെറുംവാക്കായി മാറുമെന്ന ആശങ്കയിലാണ് തൊഴിലാളികളും പൊതുജനങ്ങളും.