കോടതി നിര്‍ദ്ദേശങ്ങള്‍ അനുസരിക്കില്ലെന്ന് സുപ്രീംകോടതിക്ക് ഗിലാനിയുടെ കത്ത്

single-img
19 March 2012

പാകിസ്ഥാന്‍ പ്രസിഡന്റ് സര്‍ദാരിക്ക് എതിരേയുള്ള അഴിമതിക്കേസ് പുനരാരംഭിക്കണമെന്നും സര്‍ദാരിയുടെ ബാങ്ക് നിക്ഷേപത്തെക്കുറിച്ച് ആരാഞ്ഞ് സ്വിസ് സര്‍ക്കാരിനു കത്തെഴുതണമെന്നുമുള്ള സുപ്രീംകോടതി നിര്‍ദേശം അനുസരിക്കില്ലെന്നു പാക് പ്രധാനമന്ത്രി ഗീലാനി വ്യക്തമാക്കി. കോടതിയലക്ഷ്യക്കേസില്‍ ഇന്നലെ സമര്‍പ്പിച്ച മറുപടിയിലാണു സ്വിസ് സര്‍ക്കാരിനു കത്തയയ്ക്കണമെന്ന നിര്‍ദേശം അംഗീകരിക്കില്ലെന്ന് അദ്ദേഹം അറിയിച്ചത്.

ഗീലാനിയുടെ അഭിഭാഷകനായ അയ്താസ് അഹ്‌സന്റെ കീഴിലുള്ള അഭിഭാഷകന്‍ ബാരിസ്റ്റര്‍ ഗൗഹാറാണ് 24 പേജുള്ള മറുപടി കോടതിയില്‍ സമര്‍പ്പിച്ചത്. ഭരണഘടനപ്രകാരം ഇപ്രകാരം ഒരു കത്തെഴുതാന്‍ തനിക്ക് അധികാരമില്ലെന്നു ഗീലാനി വ്യക്തമാക്കി. പരമാധികാരമുള്ള ഒരു രാജ്യത്തിന്റെ പ്രസിഡന്റിനെ ഒരു പാശ്ചാത്യരാജ്യത്തിലെ മജിസ്‌ട്രേറ്റിന്റെ ദയാദാക്ഷിണ്യത്തിനായി വിട്ടുകൊടുക്കാനാവുമോ എന്ന് കത്തില്‍ ചോദിച്ചു. പ്രസിഡന്റിന് പ്രോസിക്യൂഷനില്‍ നിന്നു സംരക്ഷണമുണെ്ടന്നു വ്യക്തമാക്കിയ ഗീലാനി ദേശീയ താത്പര്യം ഉള്‍ക്കൊള്ളുന്ന ഈ വിഷയം അന്തിമതീരുമാനത്തിനായി പാര്‍ലമെന്റിനു വിടുകയാണു വേണ്ടതെന്നും നിര്‍ദേശിച്ചു.