മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ലാത്തിചാര്‍ജ്

single-img
19 March 2012

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. കിളിമാനൂരില്‍ രാജാരവിവര്‍മ സ്മാരകം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയത്. ഉമ്മന്‍ ചാണ്ടി ഉദ്ഘാടന പ്രസംഗത്തിനായി എഴുന്നേറ്റപ്പോഴായിരുന്നു സദസിലിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയത്.

ഇതില്‍ പ്രകോപിതരായ യുഡിഎഫ് പ്രവര്‍ത്തകര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമായി ഏറ്റുമുട്ടിയത് സംഘര്‍ഷത്തിന് കാരണമായി. കസേരകള്‍ വലിച്ചെറിഞ്ഞും മറ്റും ഇരുവിഭാഗത്തുനിന്നുള്ളവരും സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മുഖ്യമന്ത്രിയുടെ വേദിക്ക് പത്തു മീറ്റര്‍ അകലെയായിരുന്നു സംഭവങ്ങള്‍ നടന്നത്. മുഖ്യമന്ത്രിയുടെ ചടങ്ങില്‍ ഡിവൈഎഫ്‌ഐക്കാര്‍ പ്രതിഷേധിക്കാനിടയുണ്‌ടെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ഉണ്ടായിട്ടും പോലീസിന്റെ ഭാഗത്തു നിന്ന് വേണ്ടത്രം മുന്‍കരുതല്‍ നടപടികളുണ്ടായില്ല എന്നാണ് സൂചന.