ബജറ്റ് അവതരണത്തിനിടെ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ കുത്തിയിരിപ്പ് പ്രതിഷേധം

single-img
18 March 2012

ബജറ്റിലെ പദ്ധതികളും പ്രഖ്യാപനങ്ങളും പത്രങ്ങള്‍ക്ക് ചോര്‍ന്നു കിട്ടിയതായി ചൂണ്ടിക്കാട്ടി നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ഇതുസംബന്ധിച്ച് പ്രതിപക്ഷ നേതാവ് രാവിലെ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു. പത്ര റിപ്പോര്‍ട്ടുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ബജറ്റില്‍ പ്രഖ്യാപിക്കവേയാണ് പ്രതിപക്ഷം പ്രതിഷേധവുമായി എഴുന്നേറ്റത്. ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രവുമായി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആണ് പ്രതിഷേധവുമായി ആദ്യം എഴുന്നേറ്റത്. തുടര്‍ന്ന് പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ കാര്യം കെ.എം.മാണി പ്രഖ്യാപിച്ചതോടെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തില്‍ ഇറങ്ങുകയായിരുന്നു. മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരിക്കുകയും ചെയ്തു. മന്ത്രിയെ ഭരണഘടനാപരമായ ചുമതല നിര്‍വഹിക്കാന്‍ അനുവദിക്കണമെന്നും വാര്‍ത്ത ചോര്‍ന്നിട്ടുണ്‌ടെങ്കില്‍ മുന്‍കാലങ്ങളില്‍ സമാനമായ സംഭവങ്ങളില്‍ ലോക്‌സഭയും നിയമസഭയും സ്വീകരിച്ച നടപടികള്‍ മാതൃകയാക്കി നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ ഉറപ്പുനല്‍കിയെങ്കിലും പ്രതിപക്ഷ അംഗങ്ങള്‍ പിന്‍മാറാന്‍ തയാറായില്ല.