ശെല്‍വരാജ് ജനകീയ വികസനസമിതി രൂപീകരിച്ചു

single-img
15 March 2012

കോഴിക്കോട്ടു നടക്കാന്‍ പോകുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനു തന്റെ രാജി ഒരു സന്ദേശമാണെന്ന് എംഎല്‍എ സ്ഥാനം രാജിവച്ച ആര്‍. ശെല്‍വരാജ്.

താന്‍ കോടികള്‍ കോഴ വാങ്ങിയെന്ന് വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു. എന്നാല്‍, രാജ്യത്തെ പരമോന്നത നീതിപീഠത്തിനു മുന്നില്‍ ഇതു സംബന്ധിച്ച തെളിവുകള്‍ അദ്ദേഹത്തിനു ഹാജരാക്കേണ്ടിവരും. തന്റെ രാഷ്ട്രീയ ജീവിതം തുറന്ന പുസ്തകമാണ്. ഏതു രീതിയുള്ള അന്വേഷണത്തിനും വിധേയനാകാന്‍ താന്‍ തയാറാണ്. വിവിധ ബാങ്കുകളിലായി നിലവിലുള്ള 18 ലക്ഷം രൂപയുടെ കടമാണ് ആകെയുള്ള സമ്പാദ്യമെന്ന് അദ്ദേഹം പറഞ്ഞു.

കല്യാണ്‍ ജ്വല്ലറിയില്‍ നിന്നു 40 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയെന്നാണ് മറ്റൊരു ആരോപണം. ഭാര്യയോടൊപ്പം ജ്വല്ലറിയില്‍ ആഭരണം വാങ്ങാന്‍ പോയെന്നതു ശരിയാണ്. കുഞ്ഞിന്റെ നൂലുകെട്ടിന് ഒരു അരഞ്ഞാണവും ചെയിനും വാങ്ങാനായിരുന്നു അത്. ജ്വല്ലറിയിലെ ബില്‍ പരിശോധിച്ചാല്‍ അക്കാര്യം വ്യക്തമാകും.

ഒരു വര്‍ഷത്തെ കോണ്‍ട്രാക്ട് വ്യവസ്ഥയിലാണ് തന്റെ മരുമകന് ഉദ്യോഗം ലഭിച്ചത്. പ്രായോഗിക യോഗ്യത തെളിയിച്ചു. നിയമനം ലഭിച്ചു. കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ ജോലി നേടാനായി ഒരു നേതാവിനെയും സമീപിച്ചിട്ടില്ല. ചീഫ് വിപ്പ് പി.സി. ജോര്‍ജിനെ വിളിച്ചു എന്നാണു വേറൊരു ആക്ഷേപം. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും എംഎല്‍എ മാരെ താന്‍ ടെലിഫോണില്‍ വിളിക്കാറുണ്ട്. ജനങ്ങളുടെ വിവിധ ആവശ്യങ്ങള്‍ക്കായിട്ടാണ് ഇങ്ങനെ വിളിക്കുക. അതുകൊണ്ടുതന്നെ പി.സി. ജോര്‍ജിനെ വിളിച്ചുവെന്ന കാര്യം നിഷേധിക്കുന്നില്ല.

സമിതിയുടെ നിയന്ത്രണത്തിനായി 25 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. കുന്നത്തുകാല്‍ ജി. ബാലകൃഷ്ണപിള്ളയാണ് സമിതിയുടെ ചെയര്‍മാന്‍. കണ്‍വീനര്‍ വൈ. ആംബ്രോസ്. വൈസ് ചെയര്‍മാന്‍മാരായി അഷ്‌റഫ്, ഗിരിജ എന്നിവരെയും തെരഞ്ഞെടുത്തതായി ശെല്‍വരാജ് പറഞ്ഞു.