പ്രഭുദയയുടെ ക്യാപ്റ്റന്‍ അറസ്റ്റില്‍

single-img
12 March 2012

പ്രഭുദയ കപ്പല്‍ മത്സ്യബന്ധന ബോട്ടില്‍ ഇടിച്ച് അഞ്ചുപേര്‍ മരിച്ച സഗഭവത്തില്‍ കപ്പലിന്റെ ക്യാപ്റ്റനെ മപാലീസ് അറസ്റ്റു ചെയ്തു. വിശാഖപട്ടണം സ്വദേശി പെരേര ഗോര്‍ഡണ്‍ ചാള്‍സിനെയാണ് ആലപ്പുഴ ഡിവൈഎസ്പി കെ. മഹേഷ്‌കുമാര്‍, നോര്‍ത്ത് സിഐ അജയ്‌നാഥ് എന്നിവരുള്‍പ്പെട്ട പോലീസ് സംഘം ഇന്നലെ അറസ്റ്റുചെയ്തത്.

ചെന്നൈ പുറംകടലില്‍ നങ്കൂരമിട്ടിരിക്കുന്ന കപ്പലിലെത്തിയാണു ക്യാപ്റ്റനെ അറസ്റ്റുചെയ്തത്. എന്നാല്‍ പുറംകടലില്‍ നങ്കൂരമിട്ടിരിക്കുന്ന കപ്പലില്‍ നിന്നു ക്യാപ്റ്റനെ അറസ്റ്റുചെയ്ത് കരയ്‌ക്കെത്തിച്ചാല്‍ കപ്പല്‍ പ്രവര്‍ത്തനം തകരാറിലാകുമെന്നുകാട്ടി ചെന്നൈ പോര്‍ട്ട് ട്രസ്റ്റ് ക്യാപ്റ്റനെ പുറത്തുകൊണ്ടുവരാന്‍ സമ്മതിക്കുന്നില്ല. സമ്മതം കിട്ടിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നു കാട്ടി പോര്‍ട്ട് ട്രസ്റ്റ് അധികൃതര്‍ക്കു കത്തു നല്കുമെന്നു പോലീസ് സംഘം പറഞ്ഞു. മൂന്നാം പ്രതിയായ ക്യാപ്റ്റനെതിരേ ഐപിസി 304 എ വകുപ്പു പ്രകാരം മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണു കേസ് എടുത്തിട്ടുള്ളത്.

കപ്പലില്‍നിന്നു കടലില്‍ച്ചാടി പരിക്കേറ്റു ശ്രീലങ്കയിലെ ട്രിങ്കോമാലിയില്‍ ചികിത്സയില്‍ കഴിയുന്ന സെക്കന്‍ഡ് ഓഫീസറും കേസിലെ ഒന്നാം പ്രതിയുമായ തിരുവനന്തപുരം അമ്പലമുക്ക് മുല്ലശേരിയില്‍ പ്രശോഭ് സുഗതന്റെ അച്ഛന്‍ സുഗതന്‍ നല്കിയ കേസിലും ക്യാപ്റ്റനെ ചോദ്യം ചെയ്യുമെന്ന് ആലപ്പുഴ പോലീസ് അറിയിച്ചു.

ഈ കേസില്‍ വധശ്രമത്തിനാണു ക്യാപ്റ്റനെതിരേ അമ്പലപ്പുഴ പോലീസ് കേസെടുത്തിരിക്കുന്നത്. സുഗതന്‍ ഡിജിപിക്കു നല്കിയ പരാതിയെത്തുടര്‍ന്നാണു കേസ്. അപകടസമയത്തു കപ്പലിന്റെ നിയന്ത്രണച്ചുമതലയുണ്ടായിരുന്ന പ്രശോഭ് സുഗതനെ പിന്നീട് കൊലപ്പെടുത്താന്‍ ശ്രമിച്ചു കടലില്‍ തള്ളിയിടുകയായിരുന്നെന്നാണു സുഗതന്‍ നല്കിയ പരാതി.