ഗീലാനിക്ക് സുപ്രീംകോടതി അന്ത്യശാസനം നല്‍കി

single-img
9 March 2012

പാക് പ്രസിഡന്റ് സര്‍ദാരിക്ക് എതിരേയുള്ള അഴിമതിക്കേസ് പുനരാരംഭിക്കാനും അദ്ദേഹത്തിന്റെ ബാങ്ക് നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ആരാഞ്ഞ് സ്വിസ് അധികൃതര്‍ക്കു കത്തെഴുതാനും പാക് സുപ്രീംകോടതി, പ്രധാനമന്ത്രി ഗീലാനിക്ക് അന്ത്യശാസനം നല്‍കി. ഇതോടെ സര്‍ക്കാരും ജുഡീഷറിയും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചു.

നിയമവിദഗ്ധരുടെ അഭിപ്രായത്തിനു കാത്തിരിക്കാതെ എത്രയും വേഗം സ്വിസ് അധികൃതര്‍ക്കു കത്തെഴുതാനാണ് ജസ്റ്റീസ് നസിര്‍ ഉല്‍ മുല്‍ക്കിന്റെ അധ്യക്ഷതയിലുള്ള ഏഴംഗ സുപ്രീംകോടതി ബെഞ്ച് ഗീലാനിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി വിശദീകരിച്ച് സുപ്രീംകോടതിയില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണം.

സ്വിസ് അധികൃതര്‍ക്ക് കത്തെഴുതണമെന്നുള്ള കോടതിയുടെ മുന്‍ ഉത്തരവ് നടപ്പാക്കാത്തതിന്റെ പേരില്‍ ഗീലാനിക്ക് എതിരേയുള്ള കോടതിയലക്ഷ്യക്കേസ് വിചാരണ ചെയ്യുന്നതും ഇതേ ബെഞ്ചാണ്. ഈ കേസില്‍ ഗീലാനിക്ക് കോടതി കുറ്റപത്രം നല്‍കിയിട്ടുണ്ട്.