അനന്തപുരി ജനസാഗരമായി; ഭക്തിയുടെ നിറവില്‍ ആറ്റുകാല്‍ പൊങ്കാല

single-img
7 March 2012

പൊങ്കാല അടുപ്പുകളിലേക്ക്് തീപകര്‍ന്നു.ക്ഷേത്രത്തിലെ പൂജകള്‍ക്കുശേഷം തോറ്റംപാട്ടു തീരാനുള്ള കാത്തിരിപ്പായി. പാണ്ഡ്യരാജാവിനെ കണ്ണകി വധിക്കുന്നഭാഗം ഇളങ്കോ അടികള്‍ രചിച്ച ചിലപ്പതികാരത്തിലെ കഥ തോറ്റിത്തീര്‍ന്നതോടെ ശ്രീകോവിലില്‍ നിന്ന് ഭദ്രദീപം പകര്‍ന്ന് കൈമാറി.മേല്‍ശാന്തി ക്ഷേത്രപൂജയ്ക്ക് പാചകം ചെയ്യുന്ന തിടപ്പള്ളിയിലെ അടുപ്പിലേക്ക് തീപകര്‍ന്നു.

ജനസാഗരം അനന്തപുരിയിലേക്ക് ഒഴുകിയെത്തിയപ്പോള്‍ ആറ്റുകാല്‍ ക്ഷേത്രത്തിന്റെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവ് പൊങ്കാലക്കളമായി മാറി. ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ തീപകര്‍ന്നതായി അറിയിച്ച് കതിനാവെടികള്‍ ഉയര്‍ന്നതോടെ അടുപ്പൂകൂട്ടി കാത്തിരുന്ന ഭക്തലക്ഷങ്ങള്‍ അതിനുശേഷം അതേ തീ സഹമേല്‍ശാന്തിമാര്‍ക്ക് കൈമാറി. സഹമേല്‍ശാന്തി ക്ഷേത്രത്തിനു മുന്നിലൊരുക്കിയ പണ്ടാര അടുപ്പിലേക്ക് തീപകര്‍ന്നു.വെള്ളം ചൂടായതോടെ അരി, തേങ്ങ, ശര്‍ക്കര, നെയ് തുടങ്ങിയ കൂട്ടുകള്‍ കലങ്ങളിലേക്ക് പകര്‍ന്നു. അരി തിളച്ചുമറിഞ്ഞതോടെ വായ്ക്കുരവ ഉയര്‍ന്നു. പൊങ്കാല പാകമായതോടെ തീര്‍ഥം തളിക്കാനുള്ള കാത്തിരിപ്പായി. പൊങ്കാലയിടാന്‍ തുടങ്ങിയതിനൊപ്പം മണ്ടപ്പുറ്റ്, തെരളി, കോട്ടപ്പം തുടങ്ങിയവയും ഭക്തര്‍ നിവേദ്യമായി പാകപ്പെടുത്താന്‍ തുടങ്ങി.

ഉച്ചകഴിഞ്ഞ് പൊങ്കലക്കലങ്ങളില്‍ പൂണ്യാഹം തളിച്ചതോടെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഭക്തര്‍ വീടുകളിലേക്ക് മടക്കം ആരംഭിച്ചു.

ഇന്നു പൂലര്‍ച്ചെ മുതല്‍ താലപ്പൊലി ആരംഭിച്ചിരുന്നു. താലത്തില്‍ പുതുവസ്ത്രങ്ങളണിഞ്ഞ് താലത്തില്‍ പൂവ്, തിരി തുടങ്ങിയവയുമായി ദേവീ സന്നിധിയിലെത്തി താലം പൊലിക്കുന്നതാണ് ചടങ്ങ്. ഇത് ഇന്ന് രാത്രിവരെ തുടരും. രാത്രി പത്തോടെ ദേവിയുടെ പുറത്തേക്കെഴുന്നള്ളത്ത് ആരംഭിക്കും. ഏഴുദിവസമായി ക്ഷേത്രാങ്കണത്തില്‍ വ്രതമെടുത്ത് കഴിയുന്ന ബാലന്മാരുടെ അരയ്ക്കു പിന്നില്‍ ചൂരല്‍ കുത്തും. ദേവിക്ക് കുരുതി തര്‍പ്പണം നടത്തുന്ന ചടങ്ങാണിത്. കുത്തിയോട്ട ബാലന്മാര്‍ പുറത്തെഴുന്നള്ളിപ്പിന് അകമ്പടി സേവിക്കും. മേജര്‍സെറ്റ് പഞ്ചവാദ്യം ചെണ്ടമേളം, ഫ്‌ളോട്ടുകള്‍ തുടങ്ങിയവ എഴുന്നള്ളിപ്പിന് താളപ്പൊലിമ പകരും.പറയെടുപ്പ് പൂര്‍ത്തിയാക്കിയശേഷം നാളെ രാവിലെ മണക്കാട് ശാസ്താക്ഷേത്രത്തിലെത്തിയശേഷം തിരിച്ചെഴുന്നള്ളത്ത് ആരംഭിക്കും.

നാളെ രാത്രി കാപ്പഴിക്കുന്നതോടെ വിളിച്ചുവരുത്തിയ കൊടുങ്ങല്ലൂര്‍ ഭഗവതിയെ മടക്കി അയയ്ക്കുന്നതായാണ് സങ്കലം. തുടര്‍ന്ന് നട അടയ്ക്കും. പുലര്‍ച്ചെ ഒന്നിന് കുരുതി തര്‍പ്പണത്തോടെ ഉത്സവത്തിനു സമാപനമാകും.