ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി

single-img
7 March 2012

ക്ഷേത്രത്തിനകത്തു നിന്നു പകര്‍ന്ന ദീപം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരി വലിയ തിടപ്പള്ളിക്കു സമീപം സജ്ജീകരിച്ച അടുപ്പിലേക്കു പകര്‍ന്നതോടെ ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി. മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരി ചെറിയ തിടപ്പള്ളിയിലേക്കും ക്ഷേത്രത്തിനു മുന്നില്‍ തയാറാക്കിയിരിക്കുന്ന പണ്ടാരയടുപ്പിലേക്കും അഗ്നി പകര്‍ന്നു. കരിമരുന്നുപ്രയോഗത്തിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ പിന്നീടു ലക്ഷോപലക്ഷം അടുപ്പുകളിലും തീ പകര്‍ന്നു. ഉച്ചയ്ക്ക് 2.30നാണ് പൊങ്കാല നിവേദിക്കുക.

ക്ഷേത്രമുറ്റവും പരിസരത്തെ വീഥികളുമെല്ലാം ഇന്നലെ രാവിലെ തന്നെ പൊങ്കാല അടുപ്പുകളാല്‍ നിറഞ്ഞിരുന്നു. 35 ലക്ഷം സ്ത്രീകള്‍ ഈ വര്‍ഷം പൊങ്കാലയര്‍പ്പിക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. ചാക്ക ബൈപാസ്, കൊഞ്ചിറവിള, മണക്കാട്, കമലേശ്വരം, തിരുവല്ലം, സ്റ്റാച്യു, അട്ടക്കുളങ്ങര, കിള്ളിപ്പാലം എന്നിവിടങ്ങളിലെല്ലാം ഇന്നലെ ഉച്ചയോടെ തന്നെ പൊങ്കാലയടുപ്പുകള്‍ നിരന്നിരുന്നു.