ഒമാന്‍ അപകടം: മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി

single-img
5 March 2012

ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച അഞ്ചു മലയാളികളുള്‍പ്പെടെ ആറ് ഇന്ത്യക്കാരുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുന്നു. ഒമാനിലെ ധാക്ക്‌ലിയ മേഖലയിലുണ്ടായ അപകടത്തില്‍ തിരുവനന്തപുരം പുളിയറക്കോണം സ്വദേശികളായ പ്രസാദ്(34), ഷാജുകുമാര്‍ (29), വിഷ്ണു(42), അനില്‍ ഗോമസ് (43), കല്ലറ സ്വദേശി അനില്‍കുമാര്‍ (35), തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശി ദാസ്(28) എന്നിവരും ഒമാന്‍ സ്വദേശിയായ ഒരാളുമാണു മരിച്ചത്.

ഫയിദ് ഹമദ് ഷുവേലി എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജീവനക്കാരായിരുന്നു അപകടത്തില്‍പ്പെട്ടവര്‍. മസ്‌കറ്റ് – ഇബ്‌റി റൂട്ടില്‍ ബെഹലക്കടുത്ത് മാമ്മൂര്‍ എന്ന സ്ഥലത്തെ പെട്രോള്‍ സ്റ്റേഷനു സമീപം രണ്ടു പിക്കപ്പ് വാനുകള്‍ തമ്മില്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. രണ്ടുവരി പാതയുടെ പണി പുരോഗമിക്കുന്ന ഇവിടെ നിലവില്‍ ഒറ്റവരിപ്പാതയാണുള്ളത്. അപകടത്തെ തുടര്‍ന്നു വാഹനങ്ങള്‍ കത്തിനശിച്ചു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മരിച്ച ഇന്ത്യക്കാരില്‍ അനില്‍ ഗോമസിന്റെ മൃതദേഹം ബഹല ആശുപത്രി മോര്‍ച്ചറിയിലും ബാക്കിയുള്ളവരുടെ മൃതദേഹങ്ങള്‍ നിസ്‌വ സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ സാമൂഹ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു. രണ്ടു ദിവസത്തിനകം മൃതദേഹം നാട്ടിലേക്ക് അയയ്ക്കാനാകുമെന്നാണു പ്രതീക്ഷ.