സ്വകാര്യ ബില്‍ ഫെയ്‌സ്ബുക്കില്‍: വി.ടി. ബല്‍റാമിനു സ്പീക്കറുടെ വിമര്‍ശനം

single-img
5 March 2012

നിയമസഭയില്‍ അവതരണാനുമതിക്കു നോട്ടീസ് നല്‍കിയിട്ടുള്ള സ്വകാര്യ ബില്‍, അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിനു മുമ്പ് ചട്ടവിരുദ്ധമായി സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റില്‍ പ്രസിദ്ധീകരിച്ച വി.ടി. ബല്‍റാം എംഎല്‍എയ്ക്കു സ്പീക്കറുടെ വിമര്‍ശനം. ആദ്യമായി സഭയില്‍ എത്തിയ അംഗം എന്ന നിലയിലും ബോധപൂര്‍വമായി ഉണ്ടായതല്ലാത്ത വീഴ്ച എന്ന നിലയിലും നടപടികള്‍ ഒഴിവാക്കുകയാണെന്നു സ്പീക്കര്‍ സഭയെ അറിയിച്ചു.ഇതിനിടെ, സ്പീക്കറുടെ റൂളിംഗിനുശേഷം നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് ബല്‍റാം നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായി. കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ജനാധിപത്യ സ്ഥാപനങ്ങള്‍ തയാറാകണമെന്നു ബല്‍റാം അഭിപ്രായപ്പെട്ടു. സോഷ്യല്‍ നെറ്റ്‌വര്‍ക്ക്് സൈറ്റുകളുടെ ഗുണവശങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ജനാധിപത്യ സ്ഥാപനങ്ങള്‍ തയാറാകണമെന്നും ബല്‍റാം ആവശ്യപ്പെട്ടു.

ബില്‍ സൈറ്റില്‍ പ്രസിദ്ധീകരിച്ച ബല്‍റാം, സ്പീക്കറുടെ വിമര്‍ശനത്തെക്കുറിച്ച് ഒരു മലയാളം വെബ്‌സൈറ്റില്‍ വന്ന വാര്‍ത്തയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.ബല്‍റാമിന്റെ നടപടി ചട്ടവിരുദ്ധവും നിയമസഭാംഗങ്ങളുടെ അവകാശങ്ങളുടെ ലംഘനവുമാണെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ചൂണ്ടിക്കാട്ടി. കേരള നിയമസഭയില്‍ അവതരിപ്പിക്കാന്‍ പോകുന്ന ബില്‍ എന്ന പേരില്‍ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം ആരാഞ്ഞുകൊണ്ടാണ് ബില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ഇത്തരത്തില്‍ ബില്‍ പ്രസിദ്ധീകരിക്കുന്നതിനു സ്പീക്കറുടെ ഓഫീസില്‍ നിന്ന് അനുമതി ലഭിച്ചിട്ടുണെ്ടന്ന് തെറ്റിദ്ധാരണാജനകമായ വാര്‍ത്ത ബല്‍റാം സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പത്രറിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. സ്പീക്കറുടെ ഓഫീസില്‍ നിന്ന് അത്തരം അനുവാദം നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഇത്തരത്തില്‍ തെറ്റായ വിവരം നല്‍കിയത് ദൗര്‍ഭാഗ്യകരമാണെന്നു സ്പീക്കര്‍ റൂളിംഗില്‍ ചൂണ്ടിക്കാട്ടി. നടപടിയില്‍ ചെയര്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി.