വെടിവയ്പ്പ് കേസില്‍ കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പിനില്ലെന്ന് മുഖ്യമന്ത്രി

single-img
29 February 2012

ഇറ്റാലിയന്‍ നാവികര്‍ക്കെതിരേ ക്രിമിനല്‍ കേസില്‍ നടപടിയായ നിലയ്ക്ക് കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പിന് ഒരു സാധ്യതയുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇന്ത്യയിലെ നിയമത്തിനു നാവികര്‍ വിധേയരാകണമെന്ന സര്‍ക്കാര്‍ നിലപാട് ശരിയായിരുന്നു എന്നു കോടതി വിധിയിലൂടെ വ്യക്തമായിരിക്കുകയാണെന്നും ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്കു മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി.

ഈ കേസില്‍ എഫ്‌ഐആര്‍ ശക്തമാണ്. മറ്റൊരു രാജ്യത്തു വിവാദമായ കേസ് ആണിത്. മറ്റാരോ ചെയ്ത കുറ്റം ഇവരുടെമേല്‍ കെട്ടിവയ്ക്കുകയാണെന്നാണ് ഇറ്റലിയിലെ പ്രചാരണം. ഈ സാഹചര്യത്തിലാണ് വെടിയേറ്റ ബോട്ടും മറ്റും പരിശോധിക്കാന്‍ ഇറ്റാലിയന്‍ അധികൃതര്‍ക്ക് അവസരം നല്‍കിയത്. അവര്‍ കോടതിയില്‍ ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചു. നമുക്ക് ഒന്നും ഒളിക്കാനില്ലാത്തതിനാല്‍ അവരുടെ ആവശ്യത്തെ എതിര്‍ത്തില്ല. ഇപ്പോള്‍ അവര്‍ക്കു പരാതി പറയാനില്ല.

ഈ കേസില്‍ തെളിവുകളെല്ലാം ശേഖരിച്ചിട്ടുണെ്ടന്നും നമ്മുടെ ഭാഗം ശക്തമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേസ് നടക്കുന്നതിനാല്‍ വിശദാംശങ്ങള്‍ തനിക്കു വെളിപ്പെടുത്താനാകില്ലെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.