ആയുധങ്ങള്‍ കോടതിയില്‍ ഹാജരാക്കി

single-img
27 February 2012

ഇറ്റാലിയന്‍ കപ്പല്‍ എന്റിക്ക ലെക്‌സിയില്‍നിന്നു പ്രത്യേക അന്വേഷണസംഘം പിടിച്ചെടുത്ത ആയുധങ്ങള്‍ കൊല്ലം ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. തൊണ്ടിസാധനങ്ങളുടെ ലിസ്റ്റ് തയാറാക്കിയശേഷം ഇവ തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയച്ചു. നാളെ ആയുധങ്ങളുടെ വിശദമായ പരിശോധന നടന്നേക്കും.

ഇന്നലെ രാവിലെ പത്തേകാലോടെ കൊല്ലം ക്രൈംഡിറ്റാച്ച്‌മെന്റ് എസ്പി വി.അജിത്ത്, ഡിസിആര്‍ബി എസിപി ജെ. ജേക്കബ് എന്നിവരുടെ നേതൃത്വത്തിലാണ് ആയുധങ്ങളടങ്ങിയ നാലു പെട്ടികള്‍ കൊച്ചിയില്‍നിന്നു സായുധ പോലീസിന്റെ അകമ്പടിയോടെ കൊല്ലത്തെത്തിച്ചത്. ഒരു ഇറ്റാലിയന്‍ ഉദ്യോഗസ്ഥനും സംഘത്തെ അനുഗമിച്ചിരുന്നു.

സിജെഎം കോടതിയില്‍ ഹാജരാക്കിയ തോക്കുകളുടെയും വെടിയുണ്ടകളുടെയും ലിസ്റ്റ് ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റിന്റെ ചുമതലയുള്ള കൊല്ലം ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-ഒന്ന് ജഡ്ജി ഡോണി തോമസ് വര്‍ഗീസിന്റെ നേതൃത്വത്തിലാണു തയാറാക്കിയത്. ലിസ്റ്റുകളിലൊന്ന് ഫോറന്‍സിക് ലബോറട്ടറിയിലേക്കു നല്‍കും. മറ്റൊന്നു കേസ് ഡയറിയിലും മൂന്നാമത്തേതു കോടതിയുടെ ആവശ്യത്തിനും ഉപയോഗിക്കും. ഇറ്റാലിയന്‍ ഭടന്മാര്‍ ഉപയോഗിക്കുന്ന ബറെറ്റ-എആര്‍എക്‌സ് 160 എന്ന സര്‍വീസ് റൈഫുകളാണ് ഇറ്റാലിയന്‍ നാവിക സേനാംഗങ്ങളുടെ പക്കല്‍നിന്നു പിടിച്ചെടുത്തതെന്നാണു വിവരം. നാറ്റോ സേനയും ഇവ ഉപയോഗിക്കുന്നുണ്ട്. റൈഫിളുകളില്‍ ഏതില്‍നിന്നാണു മത്സ്യത്തൊഴിലാളികള്‍ക്കുനേരേ വെടിയുതിര്‍ത്തതെന്ന വിവരം ഫോറന്‍സിക് ലബോറട്ടറിയിലെ പരിശോധനയ്ക്കുശേഷം മാത്രമേ വ്യക്തമാകൂ.

ആയുധങ്ങള്‍ നാലുപെട്ടികളിലാക്കി സീ ല്‍ ചെയ്തിരിക്കുകയാണ്. പെട്ടികളില്‍ തോക്കുകള്‍ക്കും വെടിയുണ്ടകള്‍ക്കും പുറമേ ഇറ്റാലിയന്‍ നാവികര്‍ ധരിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളുമുണ്ട്. ഇറ്റാലിയന്‍ പ്രതിനിധി ഫ്രാന്‍സിസ്‌കോ മറീനോ ആയുധങ്ങള്‍ക്കൊപ്പം എത്തിയെങ്കിലും ഇയാളെ കോടതിയിലേക്കു കടത്തിവിട്ടില്ല. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മഞ്ജുള ഇട്ടിയും പ്രതിഭാഗം അഭിഭാഷകന്‍ അഭിലാഷും കോടതിയില്‍ സന്നിഹിതരായിരുന്നു. പരിശോധനകള്‍ക്കുശേഷം ഉച്ചകഴിഞ്ഞു മൂന്നോടെയാണ് ആയുധങ്ങള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്ക് വന്‍ പോലീസ് അകമ്പടിയോടെ കൊണ്ടുപോയത്. കോടതി പരിസരത്തു കനത്ത പോലീസ് കാവലും ഏര്‍പ്പെടുത്തിയിരുന്നു.