സെന്‍സെക്‌സ് 478 പോയിന്റ് ഇടിഞ്ഞു

single-img
27 February 2012

അന്താരാഷ്ട്ര വിപണിയില്‍ കുതിച്ചുയരുന്ന ക്രൂഡ് ഓയില്‍ വില നാണ്യപ്പെരുപ്പം ഉയര്‍ത്തിയേക്കുമെന്നുള്ള ആശങ്കയില്‍ ഇന്നലെ ഓഹരി വിപണി കനത്ത ഇടിവിനു സാക്ഷ്യം വഹിച്ചു. ഇതിനു പുറമേ സംസ്ഥാന തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ ഫലം കേന്ദ്രഗവണ്‍മെന്റിനെ അസ്ഥിരപ്പെടുത്തുമോയെന്ന ഭീതിയും വിപണിയിലെ ഇടിവിന് ആക്കം കൂട്ടി. പലിശ നിരക്കുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്ന റിയല്‍ എസ്റ്റേറ്റ്, ബാങ്കിംഗ്, ഓട്ടോമൊബീല്‍ വിഭാഗം ഓഹരികളെല്ലാം കനത്ത തകര്‍ച്ച നേരിട്ടു. ഇതോടൊപ്പം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി വിലയും അഞ്ചു ശതമാനത്തോളം നഷ്ടത്തില്‍ ക്ലോസ് ചെയ്തു. വ്യാപാരത്തിന്റെ തുടക്കം മുതല്‍ കനത്ത വില്‍പ്പന സമ്മര്‍ദം തുടര്‍ന്ന ഓഹരി വിപണിയില്‍ സെന്‍സെക്‌സ് 478 പോയിന്റ് ഇടിവോടെ 17445.75ലും നിഫ്റ്റി 148 പോയിന്റ് നഷ്ടത്തോടെ 5281.2ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ ചെറുകിട, മധ്യനിര ഓഹരി സൂചികകള്‍ മൂന്നു ശതമാനത്തിലധികം ഇടിവിലും ക്ലോസ് ചെയ്തു.