കപ്പലില്‍ നിന്നും പിടിച്ചെടുത്ത ആയുധങ്ങള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും

single-img
26 February 2012

ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലക്‌സിയില്‍നിന്നു പിടിച്ചെടുത്ത തോക്കുകള്‍ അടക്കമുള്ള ആയുധങ്ങള്‍ ഇന്നു കോടതിയില്‍ ഹാജരാക്കും. ഇന്നലെ പുലര്‍ച്ചെ മൂന്നുവരെ നീണ്ട പരിശോധനയില്‍ കണെ്ടടുത്ത വസ്തുവകകളും രേഖകളും ആയുധങ്ങളും നാലു പെട്ടികളിലാക്കി ഹാര്‍ബര്‍ പോലീസ് സ്റ്റേഷനിലേക്കു മാറ്റി. ഇവ ഇന്നു കൊല്ലത്തെ കേസ് പരിഗണിക്കുന്ന ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയശേഷം ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കും. തിരുവനന്തപുരത്തെ ഫോറന്‍സിക് ലബോറട്ടറിയിലാവും പരിശോധന നടത്തുക. അതേസമയം, കേസില്‍ അറസ്റ്റിലായി പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന ഇറ്റാലിയന്‍ സുരക്ഷാ ഭടന്മാരായ ലെസ്റ്റോറെ മാര്‍സി മിലാനോ, സാല്‍വതോറെ ഗിറോണെ എന്നിവരെ വരും ദിവസങ്ങളില്‍ കപ്പലില്‍ കൊണ്ടുവന്നു തെളിവെടുപ്പു നടത്തും.

വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്കുകളും തിരകളും മറ്റു വസ്തുക്കളും രേഖകളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. എന്നാല്‍, ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. കപ്പല്‍ കൊണ്ടുപോകുന്നതു കോടതിയുടെ നിര്‍ദേശത്തിന് വിധേയമായിട്ടായിരിക്കുമെന്നു സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. പിടിച്ചെടുത്ത വസ്തുക്കള്‍ നാല് അലുമിനിയം പെട്ടികളിലായി കരയിലെത്തിച്ചു. നാവികര്‍ ഉപയോഗിച്ചിരുന്ന ജാക്കറ്റ് അടക്കമുള്ളവ പിടിച്ചെടുത്തിട്ടുണ്ട്. കപ്പല്‍ അടിമുടി പരിശോധിച്ചു. അറസ്റ്റിലായ നാവികരുടെ കസ്റ്റഡി നീട്ടാന്‍ ആവശ്യപ്പെടണോയെന്നതു കേസ് അന്വേഷിക്കുന്ന കൊല്ലം പോലീസാണു തീരുമാനിക്കേണ്ടതെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ച രാവിലെ പത്തിന തന്നെ പരിശോധനയ്ക്കുള്ള തയാറെടുപ്പുകള്‍ തുടങ്ങിയിരുന്നു. തുടര്‍ന്ന് ഓരോ സംഘങ്ങളായി കപ്പലിലേക്ക് എത്തി. കസ്റ്റംസ് സംഘം ക്യാപ്റ്റനില്‍നിന്നു കപ്പലിന്റെ രൂപ രേഖ വാങ്ങിയശേഷം അതിന്റെ അടിസ്ഥാനത്തിലാണു പരിശോധന നടത്തിയത്. ക്യാപ്റ്റന്റെ ക്യാബിനോടു ചേര്‍ന്ന വിവിധ അറകളില്‍നിന്നു തോക്കും തിരകളും കണെ്ടടുക്കുകയായിരുന്നു. ചരക്കു കപ്പലുകളില്‍ സാധാരണ ഗതിയില്‍ സൂക്ഷിക്കാവുന്നതിലധികം ആയുധങ്ങള്‍ എന്റിക്ക ലക്‌സിയില്‍ ഉണ്ടായിരുന്നതായി സൂചനയുണ്ട്. പരിശോധനയില്‍ പങ്കാളികളായിരുന്ന കസ്റ്റംസ് അടക്കമുള്ള സംഘങ്ങള്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്കു റിപ്പോര്‍ട്ടു നല്കും. കോടതിയുടെ അനുവാദത്തോടെ ആയുധങ്ങള്‍ ഇന്നു ഫോറന്‍സിക് പരിശോധനകള്‍ക്കു നല്‍കും. കഴിഞ്ഞ 10 ദിവസങ്ങളായി കൊച്ചിയില്‍ കിടക്കുന്ന കപ്പല്‍ എന്നു തീരം വിടുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.