ബാബാ രാംദേവ് സാമുദായിക സ്പര്‍ധ ഉണ്ടാക്കിയില്ലെന്നു പോലീസ്

single-img
22 February 2012

യോഗ ഗുരു ബാബാ രാംദേവിന്റെ മുഖത്തു മഷിയൊഴിച്ചയാളെ രാംദേവിന്റെ അനുയായികള്‍ മര്‍ദിച്ചതിനെത്തുടര്‍ന്ന് സാമുദായിക ഐക്യം തകര്‍ക്കുന്ന പ്രസ്താവന ബാബാ രാംദേവോ ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയോ നടത്തിയിട്ടില്ലെന്ന് പോലീസ് കോടതിയെ ബോധിപ്പിച്ചു.

മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ജസ്ജീത് കൗറിനാണ് ഡല്‍ഹി പോലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ജനുവരി 14ന് രാംദേവ് നടത്തിയ പത്രസമ്മേളനത്തില്‍ മുസ്‌ലിം സമുദായത്തിനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും വധഭീഷണി മുഴക്കിയെന്നും ആരോപിച്ചാണ് കമ്രാന്‍ സിദ്ദിഖി രാംദേവിന്റെ മുഖത്ത് മഷിയൊഴിച്ചത്. സുബ്രഹ്മണ്യം സ്വാമിയും പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

തുടര്‍ന്നു രാംദേവിന്റെ കൂട്ടാളികള്‍ സിദ്ദിഖിയെ മര്‍ദിച്ചവശനാക്കി. സിദ്ദിഖിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി പോലീസിനോടു നിര്‍ദേശിച്ചു. മുസ്്‌ലിം സമുദായത്തിനെതിരേ വധഭഭീഷണി മുഴക്കി മര്‍ദിച്ചെന്ന സിദ്ദിഖിയുടെ ഹര്‍ജിയില്‍ കോടതി മാര്‍ച്ച് ആറിനു വാദം കേള്‍ക്കും.