പിറവം തെരഞ്ഞെടുപ്പ് 17ലേക്ക് മാറ്റി

single-img
22 February 2012

രാഷ്ട്രീയ കക്ഷികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിറവം ഉപതെരഞ്ഞെടുപ്പ് മാര്‍ച്ച് 17നു നടത്താന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനിച്ചു. സര്‍വകക്ഷി യോഗത്തിന്റെ ആവശ്യപ്രകാരമാണു 18നു നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് ഒരു ദിവസം മുമ്പേ നടത്താന്‍ തീരുമാനിച്ചത്.

രാവിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി നെറ്റോയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ യുഡിഎഫ്, എല്‍ഡിഎഫ് പ്രതിനിധികള്‍ ഉപതെരഞ്ഞെടുപ്പു 17ലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, 17നു നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ഹയര്‍ സെക്കന്‍ഡറി, എസ്എസ്എല്‍സി പരീക്ഷകള്‍ ഉള്‍പ്പെടെ മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ തയാറായാല്‍ തെരഞ്ഞെടുപ്പു തീയതി മാറ്റുന്നതു പരിഗണിക്കാമെന്നു നളിനി നെറ്റോ അറിയിച്ചു. തുടര്‍ന്നു മന്ത്രിസഭായോഗം ചേര്‍ന്നു 17നു നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ 26ലേക്കു മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ സര്‍ക്കാര്‍ അറിയിച്ചു. ഇക്കാര്യം മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിച്ചു. തെരഞ്ഞെടുപ്പു 17ലേക്കു മാറ്റിവച്ചുകൊണ്ടുള്ള അറിയിപ്പു വൈകുന്നേരത്തോടെ ലഭിച്ചു.

എന്നാല്‍ പിറവത്തെ സ്‌കൂളുകളില്‍ ക്രമീകരിച്ചിട്ടുള്ള 24 ബൂത്തുകള്‍ മാറ്റാനുള്ള തീരുമാനം അംഗീകരിക്കില്ലെന്നു സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പു 17ലേക്കു മാറ്റാനുള്ള തീരുമാനത്തെ എതിര്‍ക്കില്ലെന്നു ബിജെപി പ്രതിധിനി അറിയിച്ചു. മതപരമായ ചടങ്ങുകളുടെ പേരില്‍ തെരഞ്ഞെടുപ്പു മാറ്റുന്നതിനെ എതിര്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പു നേരത്തെ നടത്താനുള്ള തീരുമാനത്തെ യോഗത്തില്‍ ബിഎസ്പി മാത്രമാണു എതിര്‍ത്തതെന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു.