ചൈനയില്‍ 7000 വെബ്‌സൈറ്റുകള്‍ അടച്ചുപൂട്ടി

single-img
22 February 2012

ചൈനീസ് നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്ന ഏഴായിരത്തിലധികം വെബ്‌സൈറ്റുകള്‍ അടച്ചുപൂട്ടി. ഓണ്‍ലൈന്‍ കരിഞ്ചന്തയ്ക്കു എതിരെ ചൈനീസ് ഭരണകൂടം ദേശവ്യാപകമായി നടത്തിവരുന്ന നടപടികളുടെ ഭാഗമായാണ് ഇത്തരം വെബ്‌സൈറ്റുകള്‍ കൂട്ടത്തോടെ നിരോധിച്ചത്. മൊബൈല്‍ ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നതിനുള്ള സംവിധാനം, സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തല്‍, ആയുധ വ്യാപാരം തുടങ്ങിയ മേഖലകളെ പ്രോത്സാഹിപ്പിക്കുന്ന വെബ്‌സൈറ്റുകളാണ് അടച്ചുപൂട്ടിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. ചൈനീസ് അധികൃതര്‍ മാസങ്ങളായി തുടരുന്ന ഓണ്‍ലൈന്‍ സുരക്ഷാ നടപടികളുടെ ഭാഗമായി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരുന്ന 905 പേരെ അറസ്റ്റു ചെയ്തതായും 53 ക്രിമിനല്‍ സംഘങ്ങളെ തകര്‍ത്തതായും അധികൃതര്‍ വെളിപ്പെടുത്തി. ഇതിന്റെ ഭാഗമായി 12 കോടി ഓണ്‍ലൈന്‍ പോസ്റ്റുകള്‍ നീക്കംചെയ്തതായും അധികൃതര്‍ പറഞ്ഞു. സൈബര്‍ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് സമീപകാലത്ത് ഇന്റര്‍നെറ്റിന് മേല്‍ ചൈനീസ് അധികൃതര്‍ കൂടുതല്‍ പിടിമുറുക്കുകയാണ്. അശ്ലീല സൈറ്റുകള്‍ രാജ്യത്ത് നിരോധിക്കുന്ന നടപടി ചൈന ശക്തിപ്പെടുത്തിയത് 2009 ലാണ്.