ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ മൂല്യനിര്‍ണയം ഇന്നാരംഭിക്കും; കര്‍ശന സുരക്ഷാക്രമീകരണം

single-img
19 February 2012

അളവറ്റ സ്വത്തു കണെ്ടത്തിയ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മഹാനിധിയുടെ മൂല്യനിര്‍ണയം ഇന്നാരംഭിക്കും. രാവിലെ മുതല്‍ ശ്രീകോവിലിനു സമീപത്തു പ്രത്യേകം തയാറാക്കിയ സ്ഥലത്താണു നിധിയുടെ മൂല്യനിര്‍ണയം നടത്തുന്നത്.

മൂല്യനിര്‍ണയത്തിന്റെ ഭാഗമായി ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ആഭ്യന്തരവകുപ്പു നല്‍കുന്ന പ്രത്യേക പാസുള്ളവരെ മാത്രമേ മൂല്യനിര്‍ണയം നടക്കുന്ന ഭാഗത്തേക്കു കടത്തിവിടുകയുള്ളു. ക്ഷേത്രാചാരത്തിനു തടസമുണ്ടാകാത്ത തരത്തിലാണു ക്രമീകരണം. കോടതി നിയോഗിച്ച സമിതി അംഗങ്ങളെ കൂടാതെ പുരാവസ്തു വിദഗ്ധര്‍, കെല്‍ട്രോണില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്കാണ് അകത്തു കടക്കാനാവുന്നത്. ഇവര്‍ക്കുള്ള വസ്ത്രങ്ങളും പ്രത്യേകം നല്‍കും.

മൂല്യനിര്‍ണയം നടക്കുന്ന ഭാഗത്തു 15 നിരീക്ഷണ കാമറകളാണു സ്ഥാപിച്ചിട്ടുള്ളത്. ഇവയ്ക്കായി പ്രത്യേകം കണ്‍ട്രോള്‍ റൂം തയാറാക്കും. കണ്‍ട്രോള്‍ റൂമിന്റെ ചുമതല ക്ഷേത്രച്ചുമതലയുള്ള പ്രത്യേക സംഘത്തിനാണ്. നടപടികള്‍ റിക്കാര്‍ഡ് ചെയ്തു സൂക്ഷിക്കും. ആദ്യം സി നിലവറയാകും തുറക്കുക. ഇതിലെ വസ്തുവകകള്‍ എണ്ണിത്തീര്‍ന്ന ശേഷമാകും മറ്റു നിലവറകള്‍ തുറക്കുക. കൂടുതല്‍ നിധിശേഖരമുണെ്ടന്നു കരുതപ്പെടുന്ന എ, ബി നിലവറകള്‍ പിന്നീടാകും മൂല്യനിര്‍ണയത്തിനു വിധേയമാക്കുക.