രാജ്യത്ത് പച്ചക്കറി, പഴവര്‍ഗങ്ങളുടെ ഉത്പാദനത്തില്‍ കുതിച്ചുചാട്ടം

single-img
17 February 2012

പച്ചക്കറി, പഴവര്‍ഗങ്ങളുടെ ഉത്പാദനത്തില്‍ എക്കാലത്തെയും വന്‍നേട്ടം രാജ്യം കൈവരിച്ചു. 24 കോടി ടണ്ണിന്റെ റിക്കാര്‍ഡ് ഉത്പാദനം കാഴ്ചവച്ചതിന് കര്‍ഷക സമൂഹത്തെ കൃഷിമന്ത്രി ശരദ്പവാര്‍ അഭിനന്ദിച്ചു. ഉത്പാദനം വര്‍ധിച്ചതോടെ ഇവയുടെ ആളോഹരി ലഭ്യതയും ഉയര്‍ന്നു. ഇതുകൂടാതെ കയറ്റുമതിയിലൂടെ 14,000 കോടിയുടെ വരുമാനമാണു ഒഴുകിയെത്തിയത്. ഹോര്‍ട്ടികള്‍ച്ചറല്‍ ഉത്പാദനം സംബന്ധിച്ച ദേശീയ സെമിനാറിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. 2012 ഹോര്‍ട്ടികള്‍ച്ചര്‍ വര്‍ഷമായി ആചരിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ കീഴില്‍ 300 കോടിയുടെ വിഹിതമാണു പച്ചക്കറി, പഴം ഉത്പാദനത്തിനായി നീക്കിവച്ചിരിക്കുന്നത്. ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ (എഫ്പിഒ) രൂപീകരിച്ചുകൊണ്ട് അവയെ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കാന്‍ പദ്ധതിയില്‍ ലക്ഷ്യമിടുന്നുണ്ട്. മുവായിരത്തോളം ഫാര്‍മര്‍ ഇന്ററസ്റ്റ് ഗ്രൂപ്പു (എഫ്‌ഐജി) കളിലും 50 എഫ്പിഒകളിലുമായി 62,000 കര്‍ഷകര്‍ അംഗങ്ങളായിട്ടുണ്ട്.