പി.സി.ജോര്‍ജിന്റേത് ഇരട്ടപദവിയല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

single-img
17 February 2012

ഇരട്ടപദവി വിഷയത്തില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജിനെ അയോഗ്യനാക്കേണ്‌ടെന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍. പി.സി.ജോര്‍ജിന്റേത് ഇരട്ടപദവിയല്ലെന്ന് വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗവര്‍ണര്‍ക്ക് കത്തയച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് അനുസരിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ചീഫ് വിപ്പ് സ്ഥാനത്തിനൊപ്പം പ്രതിപക്ഷ നേതൃപദവിയും ഇരട്ടപദവിയുടെ പരിധിയില്‍ വരില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗവര്‍ണര്‍ക്കയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനത്തിരിക്കുന്ന പി.സി.ജോര്‍ജ് ഇരട്ടപദവി ആനുകൂല്യം പറ്റുന്നതായി കാണിച്ച് മുന്‍ എംപി സെബാസ്റ്റ്യന്‍ പോളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും ഗവര്‍ണര്‍ക്കും പരാതി നല്‍കിയത്. എന്നാല്‍ ഇതിനുശേഷം ചീഫ് വിപ്പിനെയും പ്രതിപക്ഷ നേതാവിനെയും ഇരട്ടപദവിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരികയായിരുന്നു.

മുഖ്യമന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവര്‍ക്ക് നിലവില്‍ ലഭിക്കുന്ന ഭരണഘടനാപരമായ സംരക്ഷണം പ്രതിപക്ഷ നേതാവിനും ചീഫ് വിപ്പിനും കൂടി ബാധകമാക്കിക്കൊണ്ടാണ് സര്‍ക്കാര്‍ ഓര്‍ഡനന്‍സ് കൊണ്ടുവന്നത്.