കെ.എസ്.യു. തിരഞ്ഞെടുപ്പില്‍ ഫോണും പണവും നല്‍കി വോട്ട് മറിക്കുന്നുവെന്ന് എ ഗ്രൂപ്പ്

single-img
15 February 2012

കെഎസ്‌യു സംഘടനാ തെരഞ്ഞെടുപ്പില്‍ വോട്ടു മറിക്കാന്‍ വിശാല ഐ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ പണവും മൊബൈല്‍ ഫോണും വോട്ടര്‍മാര്‍ക്കു നല്കിയെന്ന് ആക്ഷേപം. എ ഗ്രൂപ്പിലെ പ്രമുഖ നേതാക്കള്‍തന്നെയാണ് ആക്ഷേപമുന്നയിച്ചിരിക്കുന്നത്.

കാസര്‍ഗോഡ് ജില്ലയിലെ 194 വോട്ടര്‍മാരില്‍ 96 പേര്‍ എ ഗ്രൂപ്പ് പക്ഷത്തുണ്ടായിരുന്നു. ഇവരെ പ്രത്യേക വാഹനത്തില്‍ വോട്ടെടുപ്പു നടന്ന കോഴിക്കോട്ടെത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍, 72 വോട്ടു മാത്രമാണ് എ ഗ്രൂപ്പിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിക്കു കിട്ടിയത്. 82 വോട്ടു കിട്ടിയ വിശാല എ ഗ്രൂപ്പ് സ്ഥാനാര്‍ഥി പ്രസിഡന്റാവുകയും ചെയ്തു. തങ്ങളുടെ 24 വോട്ടര്‍മാരെ പണം നല്കി വിശാല ഐ ഗ്രൂപ്പുകാര്‍ സ്വാധീനിക്കുകയായിരുന്നുവെന്ന് എ ഗ്രൂപ്പിന്റെ ഒരു പ്രമുഖ നേതാവ് പറഞ്ഞു. 5,000 രൂപവരെ നല്കിയതായി വിവരം ലഭിച്ചിട്ടുണെ്ടന്നും നേതാവ് വ്യക്തമാക്കി.

വയനാട്ടില്‍ വോട്ടു മറിക്കാന്‍ 6,000 രൂപ വരെ വിലയുള്ള മൊബൈല്‍ ഫോണുകളാണത്രെ നല്കിയത്. പോളിടെക്‌നിക്കുകളില്‍നിന്നുള്ള വോട്ടര്‍മാര്‍ക്കാണു ഫോണ്‍ നല്കിയതെന്നു പറയുന്നു. വയനാട്ടില്‍ ആകെയുള്ള 161 വോട്ടര്‍മാരില്‍ 90 പേര്‍ എ ഗ്രൂപ്പിനോട് അനുഭാവമുള്ളവരായിരുന്നു. ഇവരില്‍ 74 ആണ്‍കുട്ടികളെ തലേദിവസം തന്നെ കോഴിക്കോട്ടെത്തിച്ചിരുന്നു. 16 പെണ്‍കുട്ടികളെ വോട്ടെടുപ്പു ദിവസം പ്രത്യേക വാഹനത്തിലുമെത്തിച്ചു. എന്നാല്‍, എ ഗ്രൂപ്പിന്റെ ജില്ലാ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് ഇവിടെ 69 വോട്ടു മാത്രമാണു കിട്ടിയത്. 82 വോട്ടു നേടിയ വിശാല ഐ ഗ്രൂപ്പ് സ്ഥാനാര്‍ഥിക്കായിരുന്നു വയനാട്ടിലും വിജയം.

വയനാട്ടിലെ തങ്ങളുടെ 21 വോട്ടര്‍മാരെ പണവും മൊബൈലും നല്കി സ്വാധീനിച്ചുവെന്ന് എ ഗ്രൂപ്പ് നേതാക്കള്‍ ആരോപിക്കുന്നു. വോട്ടു ചെയ്ത ബാലറ്റ് പേപ്പറിന്റെ നമ്പര്‍ വാങ്ങി പരിശോധിച്ചശേഷമാണു വാഗ്ദാനം ചെയ്ത പണവും മൊബൈലും നല്കിയതെന്നും പണവും ഫോണും ലഭിച്ചവര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നും എ ഗ്രൂപ്പ് വക്താക്കള്‍ വെളിപ്പെടുത്തി. വോട്ടു ചെയ്യാനെത്താത്തവരുടെ വോട്ടുകള്‍ വ്യാജ ഐഡന്റിറ്റി കാര്‍ഡുപയോഗിച്ചു ചെയ്തതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. കാസര്‍ഗോഡ്, വയനാട് ജില്ലാ പ്രസിഡന്റ് സ്ഥാനങ്ങള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പിനായിരുന്നു.