ഡല്‍ഹി സംഭവം ഭീകരാക്രമണമെന്ന് ആഭ്യന്തരമന്ത്രാലയം

single-img
14 February 2012

ഡല്‍ഹിയില്‍ ഇസ്രേലി എംബസി വാഹനത്തില്‍ പൊട്ടിത്തെറിയുണ്ടായ സംഭവം ഭീകരാക്രമണമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു. വാഹനത്തിലുണ്ടായിരുന്ന ഇസ്രേലി നയതന്ത്രപ്രതിനിധിയുടെ ഭാര്യയായിരുന്നു തീവ്രവാദികളുടെ ലക്ഷ്യമെന്നും ആഭ്യന്തരമന്ത്രി ചിദംബരം ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന്റെ പിന്‍ഭാഗത്തെ വലതു ഡോറില്‍ ബൈക്കിലെത്തിയ ഒരാള്‍ വിദഗ്ധമായി സ്‌ഫോടകവസ്തു ഘടിപ്പിക്കുകയായിരുന്നു. ഇയാള്‍ പോയ ശേഷം നാലോ അഞ്ചോ സെക്കന്‍ഡുകള്‍ക്കുള്ളില്‍ സ്‌ഫോടനം നടന്നതായും മന്ത്രി പറഞ്ഞു. മികച്ച പരിശീലനം നേടിയ തീവ്രവാദികളാണ് ഇതിനു പിന്നിലെന്നും കാന്തിക ശക്തിയുള്ള സ്‌ഫോടകവസ്തുവായിരുന്നു കാറില്‍ ഘടിപ്പിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ഇതിന് ദൃക്‌സാക്ഷിയായ ഗോപാലകൃഷ്ണന്‍ എന്നയാളുടെ മൊഴിയില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ വ്യക്തമായതെന്ന് മന്ത്രി പറഞ്ഞു

സംഭവത്തിന്റെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ വ്യക്തമല്ലെന്നും ബൈക്കിന്റെ നമ്പര്‍ പ്ലേറ്റോ മറ്റ് കാര്യങ്ങളോ ഇതില്‍ പതിഞ്ഞില്ലെന്നും ചിദംബരം വ്യക്തമാക്കി. ബൈക്ക് കണ്‌ടെത്താനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്‌ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്ന് വ്യക്തമാക്കിയ ചിദംബരം ഇപ്പോള്‍ ആരെയും കുറ്റപ്പെടുത്താനില്ലെന്നും പറഞ്ഞു. ഇസ്രേലി അധികൃതരുമായി വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ ബന്ധപ്പെടുന്നുണ്‌ടെന്നും നയതന്ത്രതലത്തിലും നീക്കം നടക്കുന്നുണ്‌ടെന്നും മന്ത്രി പറഞ്ഞു.

സംഭവത്തിന് പിന്നിലുള്ളവരെ കണ്‌ടെത്തുന്നതുവരെ അന്വേഷണം നടത്തുമെന്ന് ഇസ്രേലിന് ഉറപ്പുനല്‍കുന്നതായും മന്ത്രി പറഞ്ഞു. പരിക്കേറ്റ ഇസ്രേലി നയതന്ത്ര പ്രതിനിധിയുടെ ഭാര്യയുടെ നില മെച്ചപ്പെട്ടതായും മന്ത്രി പറഞ്ഞു.