സിബിഐ രാഹുലിന്റെ തിരോധാനം സംബന്ധിച്ചുള്ള അന്വേഷണം അവസാനിപ്പിച്ചു

single-img
13 February 2012

ആശ്രമം വാര്‍ഡില്‍ രാഹുല്‍ നിവാസില്‍ രാഹുലിന്റെ തിരോധാനം സംബന്ധിച്ച അന്വേഷണം സിബിഐ ഏഴുവര്‍ഷത്തിനു ശേഷം അവസാനിപ്പിച്ചു. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ ഫലമുണ്ടായില്ലെന്നു ചൂണ്ടിക്കാട്ടി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സിബിഐ ചെന്നൈ യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ കെ. രാജഗോപാല്‍ അന്തിമറിപ്പോര്‍ട്ട് നല്‍കി.

രാഹുലിനുവേണ്ടി റസ്‌ക്യൂ ഹോമിലും ഷെല്‍ട്ടറുകളിലും അന്വേഷിച്ചു. ക്രൈംബ്രാഞ്ച് തുടക്കം മുതല്‍ സംശയിച്ചിരുന്ന രാഹുലിന്റെ അയല്‍വാസി റിജോ ജോര്‍ജിനെ ചോദ്യം ചെയ്‌തെങ്കിലും ഫലമുണ്ടായില്ലെന്നും സിബിഐ നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. റിജോ ജോര്‍ജിനെ നാര്‍ക്കോ പരിശോധന നടത്തിയതിന്റെ സിഡി ബാംഗളൂരിലെ ഫോറന്‍സിക് ലാബില്‍ നിന്ന് അപ്രത്യക്ഷമായെന്നും സിബിഐ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിജോ ജോര്‍ജിനു പുറമെ അയല്‍വാസികളായ മോനിച്ചന്‍, ആശ്രമം വാര്‍ഡിലെ സ്ഥിരം സന്ദര്‍ശകനായ സെബിന്‍ എന്നിവരടക്കം 25 പേരെ ചോദ്യംചെയ്തിട്ടും ഒരു വിവരവും ലഭിച്ചില്ലത്രേ. അജ്ഞാത മൃതദേഹങ്ങള്‍ വരെ സിബിഐയുടെ അന്വേഷണത്തിന്റെ പരിധിയില്‍പ്പെടുത്തിയിരുന്നു. ആന്ധ്രപ്രദേശിനു സമീപം റെയില്‍വേ ട്രാക്കില്‍ രാഹുലിനോടു സമാനതയുള്ള ഒരു കുട്ടിയുടെ മൃതദേഹം കണെ്ടത്തിയെങ്കിലും അതു രാഹുല്‍ അല്ലെന്നു പിന്നീട് സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് പിന്നീട് പരിഗണിക്കും.

രാഹുലിനെ 2005 മേയ് 18നാണു കാണാതാവുന്നത്. ആശ്രമം വാര്‍ഡിനു സമീപത്തെ ആശാരിപ്പറമ്പ് മൈതാനിയില്‍ കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനായി പോയ കുട്ടിയെ പിന്നീട് ആരും കണ്ടിട്ടില്ല. സാധാരണ തിരിച്ചെത്തുന്ന സമയമായിട്ടും കാണാത്തതിനെത്തുടര്‍ന്നാണു ബന്ധുക്കള്‍ അന്വേഷിച്ചത്. മൈതാനിയിലും സമീപത്തെ വീടുകളിലും അന്വേഷണം നടത്തിയെങ്കിലും കണെ്ടത്താനായില്ല. ഇതേത്തുടര്‍ന്നു രാഹുലിന്റെ മുത്തച്ഛന്‍ കെ. രാജഗോപാലിന്റെ പരാതിയെത്തുടര്‍ന്ന് ആലപ്പുഴ നോര്‍ത്ത് പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി. 11 പേരില്‍നിന്നു മൊഴിയെടുത്തെങ്കിലും, മൈതാനിക്കു സമീപത്തെ പൊതുടാപ്പില്‍ വെള്ളം കുടിക്കുന്നതിനായി പോയ രാഹുല്‍ പിന്നീട് സമീപത്തെ റോഡിലൂടെ മറ്റൊരാള്‍ക്കൊപ്പം നടന്നുപോവുന്നതായി കണ്ടുവെന്ന വിവരമല്ലാതെ മറ്റൊന്നും ലഭിച്ചില്ല.