അവസാനം ഇന്ത്യ ജയിച്ചു

single-img
4 February 2012

അവസാനം ഇന്ത്യന്‍ ടീം ഓസീസ് മണ്ണില്‍ ഒരു ജയം സ്വന്തമാക്കി. കഴിഞ്ഞ മാസം തുടങ്ങിയ പരാജയപരമ്പരയ്ക്ക് രണ്ടാം ട്വന്റി-20 യിലെ ജയത്തിലൂടെ ഇന്ത്യക്ക് ഒടുവില്‍ ആശ്വാസം. രണ്ടു പന്തു ബാക്കിനില്‍ക്കേ എട്ടു വിക്കറ്റിന് ഇന്ത്യ ഓസ്‌ട്രേലിയയെ കീഴടക്കി. ഇതോടെ രണ്ടു മത്സര ട്വന്റി-20 പരമ്പര 1-1 സമനിലയിലായി. അര്‍ധസെഞ്ചുറി നേടി പുറത്താകാതെ നിന്ന ഗൗതം ഗംഭീറാണ് (56) ഇന്ത്യയെ ജയത്തിലെത്തിച്ചത്. ഫീല്‍ഡിലും ബൗളിംഗിലും മികച്ച പ്രകടനം പുറത്തെടുത്ത രവീന്ദ്ര ജഡേജയാണ് കളിയിലെ കേമന്‍. സ്‌കോര്‍: ഓസ്‌ട്രേലിയ 19.4 ഓവറില്‍ 131 നു പുറത്ത്. ഇന്ത്യ 19.4 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 135.

ടോസ് ജയിച്ച് ക്രീസിലെത്തിയ ഓസ്‌ട്രേലിയ ആദ്യ ഓവറില്‍ത്തന്നെ തങ്ങളുടെ മനസിലിരിപ്പു വ്യക്തമാക്കി. ഓപ്പണിംഗ് ബൗള്‍ചെയ്യാനെത്തിയത് പ്രവീണ്‍ കുമാര്‍. ആദ്യ ഓവറില്‍ പിറന്നത് ഒരു ഫോറുള്‍പ്പെടെ ഏഴു റണ്‍സ്. വിനയ്കുമാര്‍ എറിഞ്ഞ രണ്ടാം ഓവറില്‍ 11 റണ്‍സ് പിറന്നതോടെ ഓസ്‌ട്രേലിയന്‍ സ്‌കോര്‍ 18 ലെത്തി. മൂന്നാം ഓവറിന്റെ രണ്ടാം പന്തില്‍ ഡേവിഡ് വാര്‍ണറെ (8) ഗംഭീറിന്റെ കൈകളിലെത്തിച്ച് പ്രവീണ്‍കുമാര്‍ ഓസീസിന് ആദ്യ പ്രഹരമേല്‍പ്പിച്ചു. ഫ്രണ്ട് ഫൂട്ടില്‍ ഉയര്‍ത്തിയടിച്ച പന്ത് ഡീപ് സ്‌ക്വയര്‍ ലെഗില്‍ ഗംഭീര്‍ കൈക്കുള്ളിലാക്കി. ഓവറിന്റെ അഞ്ചാം പന്തില്‍ ഷോണ്‍ മാര്‍ഷിനെ ധോണിയുടെ കൈകളിലെത്തിച്ച് പ്രവീണ്‍കുമാര്‍ ഓസ്‌ട്രേലിയയ്ക്ക് ഇരട്ടപ്രഹരം നല്കി. കോഹ്‌ലി എറിഞ്ഞ ഏഴാം ഓവറിന്റെ അവസാന പന്തില്‍ രവീന്ദ്ര ജഡേജയുടെ ഫീല്‍ഡിംഗ് മികവിലൂടെ ആരോണ്‍ ഫിഞ്ച് പുറത്ത്. 23 പന്തില്‍ നിന്ന് നാലു ഫോറിന്റെ സഹായത്തോടെ ഫിഞ്ച് 36 റണ്‍സെടുത്തു.

സ്‌കോര്‍ബോര്‍ഡില്‍ 54 റണ്‍സുള്ളപ്പോള്‍ ക്യാപ്റ്റന്‍ ജയിംസ് ബെയ്‌ലിയും (3) പുറത്ത്. ജഡേജയുടെ ത്രോയില്‍ രാഹുല്‍ ശര്‍മ സ്റ്റംപ് ചെയ്താണ് ബെയ്‌ലിയെ പുറത്താക്കിയത്. 29 പന്തില്‍ 24 റണ്‍സെടുത്ത ഡേവിഡ് ഹസിയുടെ ഊഴമായിരുന്നു അടുത്തത്. റിട്ടേണ്‍ ക്യാച്ചിലൂടെ ജഡേജ ഹസിയെയും പുറത്താക്കി. ഓസ്‌ട്രേലിയ 13.3 ഓവറില്‍ അഞ്ചു വിക്കറ്റിന് 93 റണ്‍സ്. ആദ്യ ട്വന്റി-20യില്‍ അടിച്ചുതകര്‍ത്ത മാത്യു വേഡിനെ രോഹിത് ശര്‍മ റണ്ണൗട്ടാക്കിയതോടെ ഓസ്‌ട്രേലിയ നിലംപരിശായി. 29 പന്തില്‍നിന്ന് ഒരു സിക്‌സും ഒരു ഫോറും അടക്കം 32 റണ്‍സ് വേഡ് സ്വന്തമാക്കി. തുടര്‍ന്ന് ക്ലിന്റ് മക്‌കെ (0), ബ്രാഡ് ഹോജ് (4), സേവ്യര്‍ ഡോര്‍തി (1) എന്നിവരും പെട്ടെന്നു കീഴടങ്ങിയതോടെ ഓസ്‌ട്രേലിയ 19.4 ഓവറില്‍ 131നു പുറത്ത്.

താരതമ്യേന ചെറിയ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യക്ക് വിരേന്ദര്‍ സെവാഗും ഗൗതം ഗംഭീറും മികച്ച തുടക്കമാണു നല്കിയത്. ബ്രെറ്റ് ലി എറിഞ്ഞ ആദ്യ ഓവറിന്റെ രണ്ടാം പന്ത് ബൗണ്ടറി കടത്തി സ്‌കോറിംഗ് ആരംഭിച്ച ഗംഭീര്‍ 56 റണ്‍സെടുത്തു പുറത്താകാതെ നിന്നു. 60 പന്തില്‍നിന്ന് നാലു ഫോറിന്റെ സഹായത്തോടെയാണ് ഗംഭീര്‍ 56 റണ്‍സെടുത്തത്. നേരിട്ട ആദ്യ പന്തു തന്നെ ബൗണ്ടറി കടത്തിയ സെവാഗും (23) റണ്‍സ് കണെ്ടത്തിയതോടെ ഇന്ത്യ മുന്നേറി.

6.3 ഓവറില്‍ 43 റണ്‍സിലെത്തി നില്‍ക്കുമ്പോള്‍ വിരേന്ദര്‍ സെവാഗ് ബ്രാഡ് ഹോജിന്റെ പന്തില്‍ പുറത്ത്. 16 പന്തില്‍നിന്ന് ഒരു സിക്‌സും രണ്ടു ഫോറും അടക്കം 23 റണ്‍സായിരുന്നു സെവാഗിന്റെ സമ്പാദ്യം. മൂന്നാം നമ്പറായി ക്രീസിലെത്തിയ വിരാട് കോഹ്‌ലി (31) ഗംഭീറിനു മികച്ച പിന്തുണ നല്കി. സ്‌കോര്‍ബോര്‍ഡില്‍ 13.4 ഓവറില്‍ 97 റണ്‍സുള്ളപ്പോള്‍ കോഹ്‌ലിയെ മിച്ചല്‍ മാര്‍ഷ് പുറത്താക്കി. 24 പന്തില്‍ നിന്ന് മൂന്നു ഫോറിന്റെ സഹായത്തോടെയാണ് കോഹ്‌ലി 31 റണ്‍സെടുത്തത്. 18 പന്തില്‍ 21 റണ്‍സ് നേടിയ ക്യാപ്റ്റന്‍ എം.എസ്. ധോണി പുറത്താകാതെ നിന്നു.