കരസേനാ മേധാവിയുടെ പ്രായവിവാദം: മന്ത്രാലയത്തിനു വിമര്‍ശം

single-img
3 February 2012

ജനനത്തീയതി വിവാദത്തില്‍ കരസേനാ മേധാവി ജനറല്‍ വി.കെ. സിംഗ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതു സുപ്രീംകോടതി ഈ മാസം പത്തിലേക്കു മാറ്റി. ജനനത്തീയതി തര്‍ക്കം സംബന്ധിച്ചു ജനറല്‍ വി.കെ. സിംഗ് നല്കിയ സ്റ്റാറ്റിയൂട്ടറി പരാതി നിരാകരിച്ച കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ നടപടിയെ സുപ്രീംകോടതി വിമര്‍ശിച്ചു. ജനനത്തീയതിത്തര്‍ക്കം സംബന്ധിച്ച ജനറലിന്റെ ആവശ്യം നിരാകരിക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കാനും സര്‍ക്കാരിന്റെ നിലപാട് അറിയിക്കാനും അറ്റോര്‍ണി ജനറലിനോടു കോടതി ആവശ്യപ്പെട്ടു.

തന്റെ ജനനത്തീയതി 1951 മേയ് 10 ആയി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് വി.കെ. സിംഗ് നല്‍കിയ പരാതി തള്ളിക്കൊണ്ട് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിനെയാണ് സുപ്രീംകോടതി വിമര്‍ശിച്ചത്. വിഷയം കൈകാര്യം ചെയ്ത രീതി ശരിയായില്ല. നടപടി സ്വാഭാവിക നീതിക്കു നിരക്കുന്നതല്ലെന്നും കോടതി നിരീക്ഷിച്ചു.

ഇദ്ദേഹത്തിനെതിരേ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് ഏറെ ദോഷകരമാണ്. ഇത്തരമൊരു ഉത്തരവു പുറപ്പെടുവിക്കുന്നതിനു മുമ്പ് അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം രണ്ടു തവണയെങ്കിലും തേടണമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ പ്രതിരോധ മന്ത്രാലയത്തിനു ഭരണപരമായ വീഴ്ചയുണ്ടായോ എന്നും കേസ് പരിഗണിച്ച ജസ്റ്റീസുമാരായ ആര്‍.എം. ലോധയും എച്ച്.എല്‍. ഗോഖ്‌ലെയും സംശയം പ്രകടിപ്പിച്ചു.

കോടതിക്കു പുറത്തു പ്രശ്‌നം പരിഹരിക്കാന്‍ ഇരുകക്ഷികള്‍ക്കും സമയം ലഭിക്കുന്നതിനാണു കേസ് 10 വരെ മാറ്റിവച്ചത്. എന്തുകൊണ്ടാണു പ്രശ്‌നം അവസാനിപ്പിക്കാന്‍ ശ്രമിക്കാത്തതെന്നും കോടതി സര്‍ക്കാരിനോടു ചോദിച്ചു. അതേസമയം, കരസേനാ മേധാവിയുടെ പരാതി തള്ളിക്കൊണ്ട് പുറത്തിറക്കിയ ഉത്തരവു പിന്‍വലിക്കുന്നതിനെക്കുറിച്ചു സര്‍ക്കാരിന്റെ അഭിപ്രായമറിയിക്കാന്‍ കോടതി അറ്റോര്‍ണി ജനറല്‍ ജി.ഇ. വഹന്‍വതിയോടു നിര്‍ദേശിച്ചു. ഉത്തരവു പിന്‍വലിച്ചാല്‍ ജനറല്‍ വി.കെ. സിംഗിന്റെ മുന്നില്‍ പ്രശ്‌നം അവസാനിപ്പിക്കാന്‍ സൈനിക ട്രൈബ്യൂണലിനെ സമീപിക്കുന്നത് ഉള്‍പ്പെടെ വഴികള്‍ തെളിയുമെന്നും കോടതി ചൂണ്ടിക്കാട്ടി.