ബാന്‍ കി മൂണിനു നേര്‍ക്ക് ചെരിപ്പേറ്

single-img
3 February 2012

ഗാസയില്‍ സന്ദര്‍ശനത്തിനെത്തിയ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ വാഹനവ്യൂഹത്തിനു നേര്‍ക്ക് പലസ്തീന്‍കാര്‍ ചെരിപ്പുകളും കല്ലുകളും വടികളും എറിഞ്ഞു. ഇസ്രേലി-പലസ്തീന്‍ സമാധാന ചര്‍ച്ച പുനരാരംഭിക്കുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യാനാണ് ബാന്‍ ഗാസയിലെത്തിയത്.

ബാനിന്റെ വാഹനവ്യൂഹം ഇസ്രേലി മേഖലയില്‍നിന്നും ഇറേസ് ക്രോസിംഗ് കടന്ന് ഗാസയിലെത്തിയ ഉടനേയാണ് സംഭവം. ബാന്‍ ഇസ്രയേലിനോടു ചായ്‌വുള്ളയാളാണെന്ന് ആരോപിച്ച് നൂറോളം പേര്‍ വാഹനവ്യൂഹം തടഞ്ഞു. തുടര്‍ന്ന് കല്ലുകളും ഷൂസുകളും മറ്റും വലിച്ചെറിയുകയായിരുന്നു. നിരവധി സ്ത്രീകളും സംഘത്തിലുണ്ടായിരുന്നു. ഇസ്രേലി ജയിലുകളിലുള്ള പലസ്തീന്‍ തടവുകാരുടെ ബന്ധുക്കളായിരുന്നു സംഘാംഗങ്ങളില്‍ ഭൂരിഭാഗവും.

ഗാസയില്‍ ഭരണം നടത്തുന്ന ഹമാസിന്റെ സുരക്ഷാഭടന്മാര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി വാഹനവ്യൂഹം കടത്തിവിട്ടു. ഇസ്രേലി ജയിലുകളില്‍ അയ്യായിരത്തോളം പലസ്തീന്‍ തടവുകാരുണെ്ടന്നാണ് കണക്ക്.