ടു ജി വിധി: ടെലികോം കമ്പനികളുടെ ഓഹരിവിലയില്‍ വന്‍ ഇടിവ്

single-img
2 February 2012

ടു ജി സ്‌പെക്ട്രം ലൈസന്‍സുകള്‍ റദ്ദാക്കിയ സുപ്രീംകോടതി വിധി ഓഹരിവിപണിയില്‍ ടെലികോം കമ്പനികള്‍ക്ക് തിരിച്ചടിയായി. ആരോപണ വിധേയരായ കമ്പനികളുടെ ഓഹരിവില വിധിക്ക് ശേഷം കുത്തനെ ഇടിഞ്ഞു. വിധി പുറത്തുവന്ന ഉടന്‍ തന്നെ റിലയന്‍സിന്റെ ഓഹരിവിലയില്‍ 5 ശതമാനവും യൂണിനോറിന്റേതില്‍ 8 ശതമാനവും ഡിബി റിയല്‍റ്റീസിന്റെ ഓഹരിവിലയില്‍ നാല് ശതമാനവും ഇടിവ് രേഖപ്പെടുത്തി.

അതേസമയം ടു ജി ലൈസന്‍സ് റദ്ദാക്കാനുള്ള സുപ്രീംകോടതി വിധി ഞെട്ടിക്കുന്നതാണെന്ന് ടെലികോം കമ്പനിയായ യൂണിനോര്‍. ലൈസന്‍സ് റദ്ദാക്കിയ കമ്പനികളില്‍ യൂണിനോറും ഉള്‍പ്പെടും. നീതിപൂര്‍വമല്ല കോടതി തങ്ങളുടെ വാദം പരിഗണിച്ചതെന്നും വിധി വിശദമായി പഠിച്ചശേഷം പ്രവര്‍ത്തനം തുടരാനുള്ള എല്ലാ വഴികളും പരിശോധിക്കുമെന്നും യൂണിനോര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. നോര്‍വേ ആസ്ഥാനമായുള്ള ടെലിനോറിന്റെയും ഇന്ത്യയിലെ യൂണിടെക്കിന്റെയും സംയുക്ത സംരഭമാണ് യൂണിനോര്‍. ഇന്ത്യയില്‍ 36 മില്യന്‍ ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്.