മാവോയിസ്റ്റുകളുടെ പാര്‍ട്ടികോണ്‍ഗ്രസ് ഛത്തീസ്ഗഡ് വനമേഖലയില്‍

single-img
1 February 2012

ഛത്തീസ്ഗഡിലെ ബസ്തര്‍മേഖലയില്‍പ്പെട്ട ആബുജ്മാദ് വനമേഖലയില്‍ പത്താം പാര്‍ട്ടികോണ്‍ഗ്രസ് നടത്താന്‍ മാവോയിസ്റ്റുകള്‍ ഒരുക്കം തുടങ്ങിയതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. നിബിഡവനമേഖലയായ ഇവിടെ രാജ്യമെങ്ങുമുള്ള മിക്ക മാവോയിസ്റ്റുനേതാക്കളും എത്തിയിട്ടുണെ്ടന്നും പാര്‍ട്ടിസമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ണതോതില്‍ നടന്നുവരികയാണെന്നും ബസ്തര്‍ ഐജി ടി.ജെ.ലോംഗ്കുമെര്‍ പറഞ്ഞു.

സമീപകാലത്ത് നിരവധി തിരിച്ചടികള്‍ നേരിട്ടിട്ടുള്ളതിനാല്‍ നിര്‍ണായകസമ്മേളനം നടത്തുന്നതിന് സുരക്ഷിതകേന്ദ്രമായാണ് ആബുജ്മാദ് മേഖലയെ മാവോയിസ്റ്റുകള്‍ കാണുന്നതെന്ന് പോലീസ് കരുതുന്നു. സമീപകാലത്ത് ദൗത്യസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പ്രമുഖ മാവോയിസ്റ്റുനേതാക്കള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. നിലനില്പുതന്നെ ഭീഷണിയിലായ സാഹചര്യത്തിലാണ് മാവോയിസ്റ്റുകളുടെ പാര്‍ട്ടികോണ്‍ഗ്രസ് നടക്കുന്നത്.

സമ്മേളനം മുന്‍നിര്‍ത്തി കനത്ത ജാഗ്രത തുടരാനാണ് പോലീസിന്റെ തീരുമാനം. അഞ്ചുവര്‍ഷത്തിലൊരിക്കലാണ് മാവോയിസ്റ്റുകളുടെ പാര്‍ട്ടികോണ്‍ഗ്രസ് ചേരാറുള്ളത്. 2007-ലെ പാര്‍ട്ടികോണ്‍ഗ്രസ് ബിഹാറിലെ ജുമായ് മുന്‍ഗെര്‍ ജില്ലകളുടെ അതിര്‍ത്തിപ്രദേശമായ ഭിംഗോണിലെ വനമേഖലയിലാണ് നടന്നത്. അതേസമയം, സമ്മേളനം നടത്തുന്നുവെന്ന പ്രചാരണം നടത്തി ദൗത്യസേനയെ ഒരിടത്തുമാത്രം കേന്ദ്രീകരിപ്പിച്ച് വ്യാപക ആക്രമണം നടത്തുവാനുള്ള മാവോയിസ്റ്റുകളുടെ നീക്കമാണിതെന്ന സംശയവും പോലീസ് തള്ളിക്കളയുന്നില്ല.