വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് കെപിസിസി ഭാരവാഹികളുടെ യോഗം

single-img
1 February 2012

കണ്ണൂരിലെ അഭിവാദ്യ പോസ്റ്ററില്‍ തുടങ്ങി ചൂടുപിടിച്ച കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരാട്ടങ്ങള്‍ക്കു നാളെ നടക്കുന്ന കെപിസിസി ഭാരവാഹിയോഗത്തില്‍ താത്കാലിക വിരാമമുണ്ടാകുമെന്നു സൂചന. ഓഗസ്റ്റില്‍ നടക്കാനിരിക്കുന്ന കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ നടത്തിപ്പിനെക്കുറിച്ചുള്ള ആലോചനയാണ് പ്രധാന ചര്‍ച്ചാവിഷയമെങ്കിലും സമീപകാലത്തു പാര്‍ട്ടിക്കുള്ളില്‍ പൊട്ടിപ്പുറപ്പെട്ട വിവാദങ്ങള്‍ യോഗത്തില്‍ ഉന്നയിക്കപ്പെടുമെന്നുറപ്പ്. കെപിസിസി ഭാരവാഹിയെന്ന നിലയില്‍ കെ.സുധാകരന്‍തന്നെ യോഗത്തില്‍ കണ്ണൂരിലെ പ്രശ്‌നങ്ങള്‍ വിശദീകരിക്കാനാണിട.

സുധാകരനുള്ള മറുപടി സ്വാഭാവികമായും അദ്ദേഹത്തെ എതിര്‍ക്കുന്നവരുടെ പക്കലുമുണ്ടാകും. പരസ്യ പ്രസ്താവനകള്‍ക്കു വിലക്കേര്‍പ്പെടുത്തി നിലവിലുള്ള തെറ്റിദ്ധാരണകള്‍ അവസാനിപ്പിച്ചതായി വ്യക്തമാക്കി സമ്മേളനം പിരിയാനാണു സാധ്യത.

കണ്ണൂര്‍ ഒരു പുതിയ തുടക്കമാണ്. ഭരണം ലഭിച്ചിട്ടും അതിന്റെ ഗുണം ലഭിക്കാത്ത നിരവധി പാര്‍ട്ടി പ്രര്‍ത്തകര്‍ ഏറെയുണ്ട്. ഇടനിലക്കാര്‍ക്കു പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരെക്കാള്‍ പരിഗണന കിട്ടുന്നുവെന്ന പരാതി ഉയരുന്നു.

പുനഃസംഘടനയിലൂടെ പാര്‍ട്ടി നേതൃത്വത്തിലേക്കു കടന്നുവരാന്‍ അര്‍ഹതയുള്ള പലരും നിരാശയിലാണ്. പുനഃസംഘടന എന്നു നടക്കുമെന്ന് ആര്‍ക്കും പറയാനാകാത്ത സ്ഥിതി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു ജനങ്ങള്‍ക്കിടയില്‍ പ്രാചാരണം നടത്തേണ്ട കോണ്‍ഗ്രസ് ഘടകങ്ങള്‍ എല്ലാം നിര്‍ജീവാവസ്ഥയില്‍.

ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന അവസരത്തില്‍ തന്നെയാണ് കണ്ണൂരില്‍നിന്ന് ഊര്‍ജം നേടി ഗ്രൂപ്പുകളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്. സംസ്ഥാനത്തൊട്ടാകെ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ ഗ്രൂപ്പു ചിന്തയ്ക്കു ഇടവേളയ്ക്കുശേഷം വീണ്ടും തുടക്കമിടാന്‍ കണ്ണൂരിലെ പോസ്റ്റര്‍ വിവാദത്തിനായി. എ, വിശാല ഐ എന്ന ഗ്രൂപ്പു തര്‍ക്കങ്ങളെക്കാള്‍ മറ്റുചില പ്രശ്‌നങ്ങള്‍ ഇപ്പോഴുണ്ടായിരിക്കുന്ന വിവാദങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.