ഫ്രഞ്ച് യുദ്ധവിമാനം വാങ്ങാന്‍ 50,000 കോടി

single-img
31 January 2012

വ്യോമസേനയ്ക്ക് 126 യുദ്ധവിമാനങ്ങള്‍ നല്കാനുള്ള കരാര്‍ ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷനു ലഭിച്ചു. ഏകദേശം 50,000 കോടിയിലേറെ രൂപയുടെ ഇട പാടാണിത്. വിവിധോദ്ദേശ്യ റാഫാല്‍ ജെറ്റ് വിമാനമാണ് ദസോ ഇന്ത്യക്കു നിര്‍മിച്ചു നല്കുക. യൂറോപ്യന്‍ കമ്പനിയായ യൂറോ ഫൈറ്റര്‍ കണ്‍സോര്‍ഷ്യത്തെ (ഇഎഡിഎസ്) പിന്നിലാക്കിയാണ് ഈ നിര്‍ണായക കരാര്‍ ദസോ നേടിയെടുത്തത്. കഴിഞ്ഞവര്‍ഷം ബാംഗളൂരിലെ യെലഹങ്ക വ്യോമതാവളത്തില്‍ നടന്ന രാജ്യാന്തര എയര്‍ഷോയായ എയ് റോ ഇന്ത്യ 2011ല്‍ ദസോയുടെ റാഫാല്‍ യുദ്ധവിമാനമായിരുന്നു മുഖ്യ ആകര്‍ഷണം.

കഴിഞ്ഞ 15 വര്‍ഷത്തിനിടെ പ്രതിരോധമന്ത്രാലയം നടത്തുന്ന ഏറ്റവും വലിയ ഇടപാടാണിത്. സുഖോയ്, മിറാഷ്, ജാഗ്വാര്‍ തുടങ്ങിയ ഏറെ പഴക്കംചെന്ന യുദ്ധവിമാനങ്ങളാണ് ഇന്ത്യന്‍ വ്യോമസേന ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇതെല്ലാം ഘട്ടംഘട്ടമായി മാറ്റാനാണു സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തേജസ് വിമാനവും ധ്രുവ് ഹെലികോപ്ടറും വൈകാതെ തന്നെ നാവികസേനയുടെ ഭാഗമാക്കാനും തീരുമാനിച്ചിട്ടുണ്ട്. യുദ്ധവിമാനങ്ങള്‍ വാങ്ങിക്കുന്നതിനുള്ള രാജ്യാന്തര കരാറില്‍ ആറു പ്രമുഖ കമ്പനികളാണു പങ്കെടുത്തത്.

അമേരിക്കയിലെ ലോ ക്ക്ഹീഡ് മാര്‍ട്ടിന്‍ കോര്‍പറേഷന്‍, ബോയിംഗ് കോര്‍പറേഷന്‍, ഇഎഡി എസ്, സ്വീഡനിലെ സാ ബ്ഗ്രിപെന്‍, റഷ്യയിലെ മിഗ് എ ന്നിവയാണ് കരാര്‍ നേടിയെടുക്കാനായി രംഗത്തുണ്ടായിരുന്നത്.

ഏറ്റവും കുറഞ്ഞ തുക കാണിച്ച ദസോ ഏവിയേഷന്‍ കരാര്‍ നേടിയെടുക്കുകയും ചെയ്തു. സമീപകാലത്തു ഫ്രാന്‍സിനു ലഭിക്കുന്ന മൂന്നാമത്തെ വലിയ പ്രതിരോധ കരാറാണിത്. മിറാഷ് യുദ്ധവിമാനങ്ങള്‍ നവീകരിക്കാനുള്ള 240 കോടി ഡോളറിന്റെയും മിറാഷില്‍ ഉപയോഗിക്കാവുന്ന എയര്‍ ടു എയര്‍ മിസൈലുകള്‍ക്കായുള്ള 97 കോടി ഡോളറിന്റെയും കരാര്‍ ഫ്രഞ്ച് കമ്പനികള്‍ക്കു കിട്ടിയിരുന്നു. അരലക്ഷം കോടി രൂപയുടെ ഇപ്പോഴത്തെ കരാര്‍ ഇന്ത്യ ഏര്‍പ്പെടുന്ന ഏറ്റവും വലിയ പ്രതിരോധ കരാറാണ്.